തകർന്നടിഞ്ഞ് ലക്ഷദ്വീപിലെ ആതുരസേവന രംഗം
text_fieldsകൊച്ചി: ഭരണകൂടത്തിന്‍റെ ജനവിരുദ്ധ പരിഷ്കാരങ്ങളിൽ തകർന്ന് ലക്ഷദ്വീപിലെ ആതുരസേവന രംഗം. വിവിധ ദ്വീപുകളിൽനിന്നുള്ള നൂറുകണക്കിന് ആളുകളുടെ പ്രധാന ആശ്രയ കേന്ദ്രമായ അഗത്തി രാജീവ് ഗാന്ധി സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തുന്ന രോഗികൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ബുദ്ധിമുട്ടുകയാണ്. ഇതും കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയുമാണ് ലക്ഷദ്വീപിലെ പ്രധാന ആതുരാലയങ്ങൾ.
വിമാനത്താവളമടക്കം സൗകര്യങ്ങളുള്ളതിനാൽ അഗത്തിയിലെ ആശുപത്രി വർഷങ്ങൾക്ക് മുമ്പ് സ്പെഷലിസ്റ്റ് ഗ്രേഡിൽ ഉയർത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ചുമതലയേറ്റെടുത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തിലുണ്ടായിരുന്ന ആശുപത്രി ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലാക്കി. എന്നാൽ, ഇതോടെ ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും വെട്ടിക്കുറച്ചുവെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
വിദഗ്ധ ചികിത്സക്ക് രോഗികളെ കേരളത്തിലെത്തിക്കാൻ എയർ ആംബുലൻസും അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ ആളുകൾ മരിച്ചത് വിവാദമായിരുന്നു. മറ്റ് ദ്വീപുകളിൽനിന്ന് എയർലിഫ്റ്റിങ് വഴി രോഗികളെ അഗത്തിയിലെത്തിക്കാറുണ്ടെങ്കിലും സമീപ ആഴ്ചകളിൽ ഇതും കുറഞ്ഞു.
ആശുപത്രി സേവനങ്ങൾക്കായി ഒരുമാസത്തിനിടെ ഏഴോളം സമരങ്ങൾ നടന്നുവെന്ന് എൻ.സി.പി അഗത്തി ദ്വീപ് സെക്രട്ടറി ഒ.പി. ജബ്ബാർ 'മാധ്യമ'ത്തോട് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതാണ് എയർ ആംബുലൻസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്ന് അധികൃതർ പറയുന്നു.
ആവശ്യത്തിന് ഡോക്ടർമാരില്ല
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സേവനം നൽകാൻ ഡോക്ടർമാരില്ല. ആകെയുള്ള ഒരു ഡോക്ടർ അവധിയെടുക്കുമ്പോൾ ഓർത്തോ വിഭാഗം അനാഥമാകുന്നു. ഡോക്ടർ അവധിയിലായതിനാൽ കുട്ടികളുടെ വിഭാഗം വെറുതെ കിടക്കുന്നു.
റേഡിയോളജി, അനസ്ത്യേഷ്യ ഡോക്ടർമാരെ നിയമിച്ചിട്ടില്ല.ജീവനക്കാരില്ലാത്തതിനാൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സി.ടി സ്കാൻ മെഷീൻ ഉപയോഗശൂന്യമാണ്. നഴ്സിങ് ജീവനക്കാർ, സെക്യൂരിറ്റി എന്നിവരുടെ എണ്ണവും വെട്ടിക്കുറച്ചു.
മറ്റ് ദ്വീപുകളിൽ നിന്ന് ഹെലികോപ്ടറിൽ അഗത്തിയിലെത്തിച്ചവർ (വർഷം, രോഗികൾ)
2011-12 -78
2012-13 -85
2013-14 -74
2014-15 -65
2015-16 -198
2016-17 -191
2017-18 -171
2018-19 -185
2019-20 -158
2020-21 -203
2021-22(മാർച്ച് വരെ)-111
2022ൽ ആശുപത്രിയിലെത്തിയ രോഗികൾ (ഏപ്രിൽ വരെ)
ഒ.പിയിലെത്തിയ ആകെ രോഗികൾ - 12,709
അഡ്മിറ്റാക്കിയ ആകെ രോഗികൾ- 1,709
കൊച്ചിയിലേക്ക് റഫർ ചെയ്യപ്പെട്ട രോഗികൾ- 13
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.