ബിൽ കൊണ്ടുവന്നാലും ഗവർണറുടെ നീക്കങ്ങൾ നിർണായകം
text_fieldsതിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഓർഡിനൻസിനുപകരം ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഗവർണറുടെ നീക്കങ്ങൾ നിർണായകം. ഓർഡിനൻസിലെന്ന പോലെ നിയമസഭ പാസാക്കുന്ന ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. നേരത്തേ നിയമസഭ പാസാക്കിയ ലോകായുക്ത, യൂനിവേഴ്സിറ്റി ഭേദഗതി ഉൾപ്പെടെ നാല് പ്രധാന ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിട്ടില്ല.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ മന്ത്രിസഭ യോഗം ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരുന്നു. നാലുദിവസത്തിനുശേഷം രാജ്ഭവനിലേക്ക് ഓർഡിനൻസ് അയക്കുകയും ചെയ്തു. ഓർഡിനൻസ് കൊണ്ടുവന്നതിനോട് സി.പി.എമ്മിൽ ഭിന്നാഭിപ്രായമുയർന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവരുന്നത്. ഇതിനായി ഡിസംബർ അഞ്ചു മുതൽ 15 വരെ നിയമസഭ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തത്. അതിന് ഗവർണർക്ക് അനുമതി നൽകേണ്ടിവരും. നിയമസഭ സമ്മേളനം ഇടവേള കൊടുത്ത് നീട്ടാനും ആലോചനയുണ്ട്. ഇക്കാര്യം സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗവർണറുമായി ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിസംബറിലെ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് അവതരണവും ധനകാര്യ നടപടികൾ പൂർത്തിയാക്കലുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഗവർണർ നിർവഹിക്കേണ്ട നയപ്രഖ്യാനം മറ്റൊരു ഘട്ടത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പുതിയ വർഷത്തിലെ ആദ്യ സമ്മേളനം ഗവർണറുടെ പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.
1990ൽ ഗവർണർ രാംദുലാരി സിൻഹയുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ നായനാർ സർക്കാർ ഇതേ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 1989 ഡിസംബർ 17ന് ആരംഭിച്ച് 1990 ജനുവരി രണ്ടുവരെയാണ് സഭ സമ്മേളിച്ചത്. സംസ്ഥാനത്തിന്റെ ധനകാര്യ ഫയലുകളിൽ ഒപ്പിടാതെ കുറച്ചുനാൾ ഗവർണറും സർക്കാറിനെ വട്ടംകറക്കി. കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങളുണ്ടെന്ന കാരണം പറഞ്ഞ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാറിനെ മുൾമുനയിൽ നിർത്തിയ അനുഭവമുണ്ട്. ഗവർണർ നയപ്രഖ്യാപന വിഷയത്തിൽ വീണ്ടും സർക്കാറിനെ സമ്മർദത്തിലാക്കുമോയെന്ന് ആശങ്കയുണ്ട്. തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിലും ബില്ലിലും സ്വയം തീരുമാനമെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചിരുന്നു. ബിൽ പാസാക്കും മുമ്പ് ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിനും ഗവർണറുടെ അനുമതി വേണ്ടിവരും.
ആ ഘട്ടത്തിൽ രാജ്ഭവൻ ഉടക്കിടാൻ സാധ്യതയുണ്ട്. സർക്കാർ എടുക്കുന്ന പല നയപരമായ തീരുമാനങ്ങളിലും ഗവർണറുടെ നിലപാട് നിർണായകമാകും. ഫലത്തിൽ ഭരണപരമായ പ്രതിസന്ധിയിലേക്കാകും വരുംദിവസങ്ങളിൽ ഗവർണർ-സർക്കാർ പോര് വഴിതെളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.