കോവിഡല്ല, വില്ലൻ പനി; 10,000 കടന്ന് പ്രതിദിന കണക്കുകൾ
text_fieldsതിരുവനന്തപുരം: കോവിഡിലെ നേരിയ വർധന കൂടുതൽ ജാഗ്രതയിലേക്കെത്തിക്കുമ്പോൾ മറുവശത്ത് പതിനായിരം കടന്ന് കേരളത്തിലെ പ്രതിദിന പനിക്കണക്കുകൾ. കഴിഞ്ഞ് ആറ് ദിവസത്തെ കണക്കെടുത്താൽ ക്രമമായുള്ള പനിക്കേസുകളിലെ വർധന പ്രകടമാണ്. ജൂൺ അഞ്ചിന് 3791 പേർക്കാണ് സംസ്ഥാനത്ത് പനി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂൺ ഒമ്പതിന് ഇത് 10310 ആണ്. ജൂൺ ഏഴ് മുതൽ തന്നെ കണക്കുകൾ പതിനായിരം പിന്നിട്ടു. ജൂണിൽ ഇതുവരെ 86490 പേരാണ് പനിബാധിതരായുള്ളത്. 212 പേർക്ക് ഡെങ്കിപ്പനിയും 96 പേർക്ക് എലിപ്പനിയും എട്ട് പേർക്ക് എച്ച്1 എൻ1 ഉം രണ്ട് പേർക്ക് ചികുൻ ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തതും രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതും നാല് കുഞ്ഞുങ്ങൾക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് കണ്ടെത്തിയതും ഇക്കാലയളവിലാണ്. പനിയും മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടലിന് ആരോഗ്യവകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പനി ബാധിക്കുന്നവര്‍ക്ക് ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിർദേശം. ആശുപത്രികളിലെ പനി ക്ലിനിക്കുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
എലിപ്പനി പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ആശുപത്രികളിലും പ്രതിരോധ ഗുളിക ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സജ്ജമാണ്. സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സംവിധാനവും ഉടൻ വരും. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഈ സംവിധാനമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.