സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരിൽ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരിൽ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരുമാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളില്‍ 52.7% പേരും വാക്സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148).
സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ എടുക്കാനുള്ളത്.
രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഈ വര്‍ഷത്തേക്കാള്‍ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8% കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സിയു കിടക്കകളും വേണ്ടി വന്നത്.
പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ അഞ്ച് ശതമാനം കുറഞ്ഞു.സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞു.
നിലവില്‍ സംസ്ഥാനത്തെ ആര്‍ ഫാക്റ്റര്‍ 0.94 ആണ്. ആര്‍ ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര്‍ ഫാക്റ്റര്‍ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആര്‍ ഫാക്റ്റര്‍ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആര്‍ ഫാക്റ്റര്‍.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 6.7% കുറവ് അക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 1979 രോഗികളാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കപ്പെട്ടതെങ്കില്‍, സെപ്തംബര്‍ 19 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള ദിവസങ്ങളില്‍ 1361 കേസുകളായി അത് കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.