മുഖ്യമന്ത്രിയായല്ല, മുത്തച്ഛനായി അപേക്ഷിക്കുന്നു... 'ലഹരിക്കെതിരെ പൊരുതൂ'
text_fieldsതിരുവനന്തപുരം: 'കേരളത്തിന്‍റെ മുഖ്യമന്ത്രിയായല്ല, കുഞ്ഞുങ്ങളോട് അവരുടെ മുത്തച്ഛനായും രക്ഷാകർത്താക്കളോട് മുതിർന്ന സഹോദരനായുമാണ് ഞാൻ സംസാരിക്കുന്നത്. അധികാരത്തിന്‍റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്‍റെ ഭാഷയിൽ. എന്‍റെ വാക്കുകൾ ആ നിലയിൽ ഉൾക്കൊള്ളണമെന്ന് വിനയപൂർവം അഭ്യർഥിക്കട്ടെ...' -സംസ്ഥാന സര്‍ക്കാറിന്‍റെ ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കംകുറിച്ച് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രാരംഭ വാചകങ്ങളാണിത്.
'ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ വളരണമെന്നാണ് മുതിർന്നവരുടെ ആഗ്രഹം. ആ ആഗ്രഹത്തെ തകർക്കുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിന്‍റെ രൂപത്തിലാണത്. അതിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ വരുംതലമുറ തകർന്നടിഞ്ഞുപോകും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെ എന്താണ് ബാക്കിയുള്ളത്. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷംപോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിന്‍റെ ആവശ്യകത ഓർമിപ്പിക്കാനാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്' -മുഖ്യമന്ത്രി തുടർന്നു.
കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിന് വിട്ടുകൊടുക്കാതിരിക്കുക, അതിന്‍റെ ദുഃസ്വാധീനത്തിൽപെട്ടുപോയവരെ തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രചാരണത്തിന്‍റെ മുഖ്യലക്ഷ്യം. കിളുന്നിലേ പിടിക്കുക എന്നതാണ് മയക്കുമരുന്ന് സംഘങ്ങളുടെ തന്ത്രം. ആദ്യം ഒരു കുട്ടിയെ പിടിക്കുക. ആ കുട്ടിയിലൂടെ മറ്റുള്ളവരിലേക്ക് കടന്നുചെല്ലുക. അവരെയൊട്ടാകെ മയക്കുമരുന്നിന്‍റെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്.
കുഞ്ഞുങ്ങളെ പിടിക്കാൻ വഴിയോരത്ത് കാത്തുനിൽക്കുന്ന ഭൂതത്തിന്‍റെ കഥ കേട്ടിട്ടുണ്ടാവും. അതുപോലെ മയക്കുമരുന്നിന്‍റെ ഭൂതങ്ങൾ കുഞ്ഞുങ്ങളെ പിടിക്കാൻ കാത്തുനിൽക്കുന്നുണ്ട്. കുഞ്ഞുങ്ങൾ അവരിൽനിന്ന് മാറിനടക്കണം. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തുകയും വേണം.
മയക്കുമരുന്ന്: വിവരങ്ങൾ പോൽ-ആപ് വഴി കൈമാറാം
തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി വിവരം നൽകാൻ പൊലീസിന്‍റെ ഔദ്യോഗിക മൊബൈൽ ആപ് ആയ പോൽ-ആപ് ഉപയോഗിക്കാം. വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ലെന്നതാണ് പ്രത്യേകത. പോൽ -ആപ്പിലെ സർവിസസ് വിഭാഗത്തിൽ മോർ സർവിസസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ 'റിപ്പോർട്ട് ടു അസ്' വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവെക്കാനുള്ള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.