ജനകീയ മത്സ്യകൃഷി ഒച്ചിഴയും വേഗത്തിൽ
text_fieldsപാലക്കാട്: മത്സ്യമേഖലയെ പരിപോഷിപ്പിക്കാനായി സർക്കാർ നടപ്പാക്കിവരുന്ന ജനകീയ മത്സ്യകൃഷി പദ്ധതി ഇഴഞ്ഞുനീങ്ങുന്നതായി പരാതി. കർഷകർക്ക് നൽകാനുള്ള സബ്സിഡി ആനുകൂല്യം സമയബന്ധിതമായി നൽകുന്നില്ലെന്ന് മാത്രമല്ല, ദേശീയ വിത്തുൽപാദന കേന്ദ്രം ഉൾപ്പെടെ നാല് ഹാച്ചറികൾ ഉണ്ടായിട്ടും മത്സ്യകർഷകർക്ക് സമയത്തിനോ -ഗുണ നിലവാരമുള്ളതോ ആയ മത്സ്യവിത്തുപോലും ലഭിക്കുന്നില്ല.
കാലവർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതര ജില്ലകൾക്ക് മത്സ്യവിത്ത് പോകുന്നതല്ലാതെ ജില്ലയിലെ കർഷകർക്ക് മതിയായ വിധത്തിൽ ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പത്തുശതമാനം കർഷകർക്ക് മാത്രമാണ് മത്സ്യവിത്ത് ലഭ്യമായത്. 60 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യേണ്ടത്. കർഷകർക്ക് മത്സ്യകുഞ്ഞിനും തീറ്റക്കും നൽകുന്ന 40 ശതമാനം സബ്സിഡിയും മുടങ്ങി. കഴിഞ്ഞവർഷത്തെ 40 ലക്ഷത്തോളം രൂപ ഇനിയും വിതരണം ചെയ്യാനുണ്ട്.
ഗ്രാമപഞ്ചായത്ത് തലത്തിൽ ജനകീയ മത്സ്യകൃഷി പ്രമോട്ടർമാരായി ജോലി ചെയ്യുന്നവർക്ക് അഞ്ചുമാസമായി പ്രതിഫലം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 675 രൂപയാണ് ദിവസക്കൂലി. മാസം 25 പ്രവൃത്തി ദിവസം കണക്കാക്കിയാണ് വേതനം നൽകുന്നത്. എന്നാൽ, പ്രവൃത്തി ദിവസം വെട്ടിക്കുറക്കുന്നതായും ആക്ഷേപമുണ്ട്. ഈ നിലപാടാണ് തുടരുന്നതെങ്കിൽ കർഷകരെ അണിനിരത്തി സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് കേരള അക്വ ഫാർമേഴസ് ഫെഡറേഷൻ ജില്ല ഭാരവാഹികൾ പറഞ്ഞു.
അതേസമയം, മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം ജൂൺ, ജൂലൈ മാസങ്ങളിലാണ് നടക്കുന്നതെന്നും ഒരു മാസം പ്രായമായശേഷമാണ് വിതരണം ചെയ്യുന്നതെന്നും ജനകീയ മത്സ്യകൃഷി ജില്ല ഓഫിസ് അധികൃതർ പറഞ്ഞു. മൂന്നുകോടിയോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വർഷംതോറും ഉൽപാദിപ്പിക്കുന്നത്. ഇതിന് കാലതാമസം വരാറുണ്ട്.
മത്സ്യക്കുഞ്ഞുങ്ങളെ നൽകാനുള്ള കർഷകരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ നൽകുന്നതിലെ കാലതാമസവും വിതരണം വൈകാൻ കാരണമാകുന്നുണ്ട്. സബ്സിഡിയും പ്രോമോട്ടർമാരുടെ വേതനവും ഫണ്ടിന്റെ അപര്യാത്പത മൂലമാണ് വൈകുന്നതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.