വരുമാനം കണ്ട് കമ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്നു -മുൻ സുപ്രീം കോടതി ജഡ്ജ് ഇന്ദു മൽഹോത്ര
text_fieldsതിരുവനന്തപുരം: വരുമാനം കണ്ട് ഹിന്ദുക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാറുകൾ ശ്രമിക്കുകയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്ര. താനും യു.യു. ലളിതും ചേർന്നാണ് നീക്കം തടഞ്ഞതെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് ഗവ. മെഡിക്കൽ കോളജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വിഡിയോയിലാണ് പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദു മൽഹോത്ര നന്ദി പറയുന്നതും കേൾക്കാം.
''വരുമാനം കാരണം കമ്യൂണിസ്റ്റ് സർക്കാറുകൾ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഏറ്റെടുത്തതെല്ലാം ഹിന്ദു ക്ഷേത്രങ്ങളാണ്. അതിനാൽ ജസ്റ്റിസ് ലളിതും താനും ചേർന്ന് ഇത് തടയുകയായിരുന്നു'' ഇന്ദു മൽഹോത്ര വെളിപ്പെടുത്തുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന 2020 ജൂലൈയിലെ ഇരുവരുടെയും വിധിയാണ് ഇവർ വിഡിയോയിൽ പരാമർശിച്ചത്. കേരള സർക്കാരിന് ഈ അവകാശങ്ങൾ നൽകിയ 2011ലെ കേരള ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് രാജകുടുംബത്തിലെ മഹാരാജാവ് സമർപ്പിച്ച അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. 1949ൽ ഇന്ത്യൻ സർക്കാറുമായി ചേരാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച ഭരണാധികാരി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ മരണത്തോടെ ക്ഷേത്രവും പ്രതിഷ്ഠയും കൈകാര്യം ചെയ്യാനുള്ള രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രത്തിന്റെ നടത്തിപ്പിനും ഭരണത്തിനുമായി അഞ്ചംഗ ഭരണസമിതിക്കും കോടതി രൂപം നൽകിയിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി, രാജകുടുംബത്തിലെ മഹാരാജാവിന്റെ ഒരു നോമിനി, കേരള സർക്കാറിന്റെ ഒരു നോമിനി, കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയം നാമനിർദേശം ചെയ്യുന്ന ഒരു അംഗം, ക്ഷേത്രത്തിലെ മുഖ്യ തന്ത്രി എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിൽ ക്ഷേത്രം നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.