കാസർകോടുനിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക്: ചാൾസ് രാജാവിന്റെ സഹായിയായി മലയാളി യുവതി
text_fieldsകാസർകോട്: ബ്രിട്ടീഷ് രാജാവിന്റെ സഹായിയായി മലയാളി യുവതി ബക്കിങ്ഹാം കൊട്ടാരത്തിൽ നിയമിതയായി. ചാൾസ് മൂന്നാമന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ച മുന ഷംസുദ്ദീന്റെ യാത്രയുടെ തുടക്കം കാസർകോടു നിന്നാണ്. ബ്രിട്ടീഷ് നയതന്ത്രജ്ഞയായ മുനയെ കഴിഞ്ഞ വർഷം ലണ്ടനിലെ ഫോറിൻ-കോമൺവെൽത്ത് ഡെവലപ്‌മെന്‍റ് ഓഫിസിൽ സേവനമനുഷ്ഠിക്കവെയാണ് ഈ പദവിലേക്ക് നിയമിച്ചത്.
ബ്രിട്ടനിലെ നോട്ടിംഗ്ഹാം സർവകലാശാലയിൽനിന്ന് ഗണിതത്തിലും എൻജിനീയറിങ്ങിലും ബിരുദം നേടിയ ശേഷം അവർ ബ്രിട്ടീഷ് ഫോറിൻ സർവിസസിൽ ചേർന്നു. ജറുസലേമിൽ കോൺസുലേറ്റ് ജനറലായും പാക്കിസ്താനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുനയുടെ ഭർത്താവ് ഡേവിഡ് ഒരു യു.എൻ ഉദ്യോഗസ്ഥനാണ്.
ചാൾസ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ മേൽനോട്ടം വഹിക്കുന്ന ഉത്തരവാദിത്തമാണ് മുനക്കും സഹപ്രവർത്തകർക്കുമുള്ളത്. വിദേശയാത്രകളിൽ ഇവർ രാജാവിനെ അനുഗമിക്കും.
കാസർകോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിൽ പരേതനായ ഡോ. പുതിയപുരയിൽ ശംസുദ്ദീന്റെയും ഷഹനാസ് എന്ന സെയ്ദുന്നിസയുടെയും മകളാണ് മുന. പെരുമ ഏറെയുള്ള കുടുംബത്തിന്റെ പുതിയ തലമുറയിലെ അംഗമാണ് ഇവർ. കാസര്‍കോട്ടെ പ്രശസ്തനായ അഭിഭാഷകനായിരുന്ന അഡ്വ. പി. അഹ്മദിന്റെ മകനാണ് ഡോ. ശംസുദ്ദീന്‍.
അഡ്വ. അഹ്മദിന് ആറ് മക്കളാണ്. മൂത്ത മകന്‍ പി. അബ്ദുല്ല ചെറുപ്പത്തില്‍ പഠനകാലത്ത് മദ്രാസില്‍ വെച്ച് അസുഖം മൂലം മരണപ്പെട്ടു. രണ്ടാമത്തെ മകന്‍ എൻജിനീയര്‍ പി. മുഹമ്മദ് എന്ന മുഹമ്മദ് ഹബീബിന്റെ മകളാണ് പോളണ്ടിലെ ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസിഡര്‍ നഗ്മ ഫരീദ്. നഗ്മ നേരത്തെ ടുണീഷ്യയിലും ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഡ്വ. അഹ്മദിന്റെ മൂന്നാമത്തെ മകനാണ് ഡോ. പി. ശംസുദ്ദീന്‍. മെഡിക്കല്‍ ബിരുദം നേടിയ ശേഷം ഏതാനും വര്‍ഷം തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് യു.എസിലേക്ക് തിരിച്ചു. അവിടെ നിന്ന് ഇംഗ്ലണ്ടിലും പിന്നീട് സൗദി അറേബ്യയിലും സേവനം അനുഷ്ഠിച്ച ശേഷം വീണ്ടും ഇംഗ്ലണ്ടിലെത്തി. കുടുംബസമേതം ഇംഗ്ലണ്ടിലായിരുന്നു താമസം.
ഡോ. ശംസുദ്ദീന് ഹൈദരാബാദ് സ്വദേശിനിയും ബംഗളൂരുവില്‍ താമസക്കാരിയുമായ ഭാര്യ ഷഹനാസില്‍ പിറന്ന മകളാണ് മുന. മുനക്ക് പുറമെ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഡോ. ശംസുദ്ദീന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ വെച്ച് മരണപ്പെട്ടു. അഡ്വ. അഹ്മദിന്റെ നാലാമത്തെ സന്തതിയാണ് പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍. അഞ്ചാമത്തെ മകന്‍ അഡ്വ. പി. അബ്ദുല്‍ ഹമീദ്. ഇപ്പോള്‍ കോഴിക്കോടാണ് താമസം. അഡ്വ. പി. അഹ്മദിന്റെ മക്കളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും 84കാരനായ അഡ്വ. പി. അബ്ദുല്‍ ഹമീദ് മാത്രമാണ്. 1968ല്‍ രൂപീകൃതമായ കാസര്‍കോട് നഗരസഭയുടെ ആദ്യത്തെ കൗണ്‍സിലില്‍ അംഗവും പ്രഥമ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു ഇദ്ദേഹം. ഏറ്റവും ഇളയ മകനാണ് 1965ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്‍റ് മുഹമ്മദ് ഹാഷിം.
മുന പത്തു വർഷം മുമ്പ് മുന കാസർകോട് സന്ദർശിച്ചിരുന്നു. കുട്ടിക്കാലത്ത് എല്ലാ വർഷവും കുടുംബത്തോടൊപ്പം കാസർകോട് വരാറുണ്ടായിരുന്നുവെന്ന് ഇവരുടെ ബന്ധു മുഹമ്മദ് സമീർ പറയുന്നു. ജോലിത്തിരക്കിനുശേഷം അവർ കാസർകോട് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.