ഭർതൃപീഡനം, ആത്മഹത്യാ ശ്രമം; ആറു വർഷത്തിന് ശേഷം സിവിൽ പൊലീസായി നൗജിഷയുടെ മധുരപ്രതികാരം
text_fieldsകോഴിക്കോട്: 'ഭർത്താവിന്റെ പീഡനമേറ്റ് ഞാൻ തകർന്നു പോയിരുന്നു. അന്ന് രാത്രി കിണറ്റിൽ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാൻ വിറച്ചുപോയി. പിൻവാങ്ങേണ്ടി വന്നു. അത് ഒരുപക്ഷെ ഇങ്ങനെ മടങ്ങി വരാനായിരുന്നിരിക്കാം'... ആറ് വർഷങ്ങൾക്ക് ശേഷം പെരുവണ്ണാമൂഴി സ്റ്റേഷനിൽ വനിത സിവിൽ പൊലീസ് ഓഫീസർ ആയി ജീവിതം തിരിച്ചുപിടിച്ച നൗജിഷ എന്ന പെൺകരുത്തിന്‍റെ ഓർമകളാണിത്.
2013ലായിരുന്നു പേരാമ്പ്ര സ്വദേശിയായ നൗജിഷയുടെ വിവാഹം. അന്ന് കോളേജിൽ ഗസ്റ്റ് അധ്യാപികയായിരുന്നു. വിവാഹശേഷം ജോലിക്ക് പോകാൻ ഭർതൃകുടുംബം സമ്മതിച്ചതാണ്. പക്ഷെ എം.സി.എ പഠിച്ച അവരുടെ സകല ആഗ്രഹങ്ങളും പിന്നീട് ഭർതൃപീഡനത്തിൽ പൊലിഞ്ഞു. ജോലിക്കുപോകുന്നത് വിലക്കി. മൂന്നര വർഷത്തെ ദാമ്പത്യത്തിൽ നൗജിഷ മാനസികമായി തകർന്നു.
പതിയെ ജീവിതം തിരിച്ചുപിടിക്കാൻ അവർ ശ്രമിച്ചുനോക്കി. ആദ്യം പേരാമ്പ്രയിലെ ഒരു പാരലൽ കോളേജിൽ അധ്യാപികയായി. ജോലി ചെയ്ത് കിട്ടിയ പൈസക്ക് പി.എസ്.സി കോച്ചിങ്ങിനും പോയി. പി.എസ്.സി ഗൗരവമായി എടുത്തതോടെ അധ്യാപനം താൽക്കാലികമായി നിർത്തി പൂർണമായും പഠനത്തിലേക്ക് തിരിഞ്ഞു.
'ആ കാലം എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. വിവാഹ മോചനം നേടാനായി ഞാൻ കോടതി കയറി, വിശ്വസനീയമല്ലാത്ത ഒരു അഭിഭാഷകനുമൊത്ത്. ഒപ്പം ക്ലാസിൽ പോകണം, പഠിക്കണം, കുഞ്ഞിനെ വളർത്തണം....' -ഇത്രയും പറഞ്ഞവർ കുറച്ചു നേരം മിണ്ടാതിരുന്നു.
2017 ൽ കെ.പി.എസ്.സി യുടെ എൽ.ഡി.സി സപ്ലിമെന്ററി ലിസ്റ്റിൽ നൗജിഷയുടെ പേര് വന്നു. കാസർകോട് വനിത സിവിൽ പൊലീസ് ഓഫീസർ നിയമനത്തിനായുള്ള ഫിസിക്കൽ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും തുടർന്നും ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് നൗജിഷ വനിത സിവിൽ പൊലീസ് (ഡബ്ല്യു.സി.പി. ഒ) സംസ്ഥാനതല പരീക്ഷയിൽ 141-ാം റാങ്ക് ജേതാവാണ് -ഡബ്ല്യു.സി.പി.ഒ മുസ്ലിം സംവരണത്തിൽ തൃശ്ശൂരിൽ ഒന്നാമതും എറണാകുളത്ത് എട്ടാമതും സ്ഥാനത്ത്!
'2022 ഏപ്രിൽ 15 നായിരുന്നു ഞാൻ സർവീസിൽ കയറിയത്. അപ്പോയിൻമെന്റ് ഓഡർ ഏറ്റുവാങ്ങുമ്പോൾ കഴിഞ്ഞ കാലത്തെ ഒർമകളിൽ വിതുമ്പിപ്പോയി' -നൗജിഷ ഓർത്തു.
വിവാഹമോചനം കിട്ടുംവരെ പൂർണ പിന്തുണയുമായി കുടുംബം നൗജിഷക്ക് കൂടെയുണ്ടായിരുന്നു. ആറുവയസ്സുള്ള ഐഹം നസലും അമ്മയ്ക്കൊപ്പമുണ്ട്. നൗജിഷ ഇന്ന് ചങ്കുറപ്പോടെ ജീവിക്കുകയാണ്. തകർക്കാൻ നോക്കിയവരുടെ മുന്നിൽ ജീവിച്ചുകാണിക്കാൻ എം.സി.എക്കാരിക്ക് ഇന്ന് സ്വന്തമായൊരു തൊഴിലുണ്ട്.
'ഭർത്താവിന്റെ ക്രൂരതകളിൽ കഴിയുമ്പോൾ പൊലീസിൽ ഒരു പരാതി കൊടുക്കാൻ പോലും എനിക്ക് പേടിയായിരുന്നു. സ്ത്രീകൾക്ക് സഹായമായി മിത്ര 181 പോലെ സഹായഹസ്തങ്ങളുണ്ടെന്ന് എന്നെപ്പോലെ പല സ്ത്രകളും അറിഞ്ഞിട്ടുണ്ടാകില്ല' -നൗജിഷ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.