പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്കാരം ഇന്ന്
text_fieldsകൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. സംസ്കാരത്തിന് മുന്നോടിയായി രാവിലെ ഏഴുമുതൽ ഒമ്പതുവരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അവിടെ ബന്ധുക്കളടക്കമുള്ളവർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കും. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടക്കും. രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആദരാഞ്ജലിയർപ്പിക്കാനും വ്യാഴാഴ്ച നിരവധി പ്രമുഖരാണ് വീട്ടിലെത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവടക്കം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ ഇവിടേക്കെത്തി.
പിതാവിനെ ഭീകരർ വെടിവെച്ചിട്ടത് കൺമുന്നിൽ; ഭീകര നിമിഷങ്ങൾ പതറാതെ ഓർത്തെടുത്ത് ആരതി
കൊച്ചി: പഹൽഗാമിൽ ഭീകരവാദികൾ തന്റെ കൺമുന്നിലിട്ടാണ് പിതാവ് രാമചന്ദ്രനെ വെടിവെച്ച് കൊന്നതെന്ന് പറയുമ്പോൾ മകൾ ആരതിയുടെ ഉള്ള് വിറക്കുന്നുണ്ടായിരുന്നു. വീണുകിടക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ ഒരാൾ തന്റെ തലക്കുനേരെ തോക്ക് ചൂണ്ടിയെന്നും തൊട്ടടുത്ത് മക്കൾ അലറിക്കരയുന്നത് കണ്ടിട്ടായിരിക്കാം അവർ കൊല്ലാതെ വിട്ടതെന്നും അതേ വിറയലോടെ ആരതി പറയുന്നു. പഹൽഗാമിലെ നടുക്കുന്ന ഓർമകൾ ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലിരുന്ന് മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു ആരതി. അവരുടെ വാക്കുകൾ:
‘‘ചൊവ്വാഴ്ച ഉച്ചക്ക് 2.10ഓടെയാണ് അച്ഛനും മക്കൾക്കുമൊപ്പം (ആറുവയസ്സുള്ള ഇരട്ടക്കുട്ടികൾ)പഹൽഗാമിൽ എത്തിയത്. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അമ്മയെ ഹോട്ടൽ മുറ്റത്ത് കാറിൽ ഇരുത്തിയാണ് പഹൽഗാമിലേക്ക് പുറപ്പെട്ടത്. അവിടെയെത്തി 10 മിനിറ്റിനുള്ളിൽ ദൂരെനിന്ന് പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ചകേട്ടു. തൊട്ടുപിന്നാലെ മുകളിലേക്ക് വെടിവെക്കുന്നത് കണ്ടപ്പോഴാണ് എന്തോ അപകടമാണെന്ന് മനസ്സിലായത്. അപ്പോൾതന്നെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഒരാൾ ഓടി മുന്നിലെത്തി എല്ലാവരോടും നിലത്ത് കിടക്കാൻ പറഞ്ഞു.
മനസ്സിലാവാത്ത ഭാഷയിലാണ് അയാൾ സംസാരിച്ചത്. എന്തോ ചോദിച്ചെങ്കിലും മനസ്സിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞപ്പോഴേക്കും പിതാവിനുനേർക്ക് വെടിവെച്ചു. പിതാവ് അവിടെത്തന്നെ തൽക്ഷണം മരിച്ചുവീണു. വെടിയൊച്ച മുഴങ്ങുന്ന സാഹചര്യത്തിൽ അച്ഛനെ വിട്ട് രണ്ട് മക്കളെയുംകൊണ്ട് ഭയപ്പാടോടെ ഓടി രക്ഷപ്പെടാനേ കഴിഞ്ഞുള്ളൂ. ഫോണിൽ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. കുറേ ദൂരം ചെന്നശേഷമാണ് റേഞ്ച് ലഭിച്ചത്. തുടർന്ന് തങ്ങളുടെ ഡ്രൈവറായ കശ്മീർ സ്വദേശിയോട് കാര്യങ്ങൾ പറഞ്ഞു.
പഹൽഗാമിൽനിന്ന് താഴെയെത്തി 10 മിനിറ്റിനുള്ളിൽ സൈന്യം മുകളിലേക്ക് പോകുന്നത് കണ്ടു. വിവരമറിഞ്ഞ് മുതിർന്നവരെയും കുട്ടികളെയും സുരക്ഷിതരാക്കാൻ നാട്ടുകാരും സഹായത്തിനെത്തി. രണ്ട് ഭീകരരെ മാത്രമാണ് താൻ കണ്ടത്. അവർ രണ്ടുപേരും സൈനിക വേഷത്തിലായിരുന്നില്ല. സംഭവത്തിനുശേഷം കുട്ടികളുമായി താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തി. ഹൃദ്രോഗിയായതിനാലാണ് അമ്മയെ ഹോട്ടലിൽ തനിച്ചാക്കി പഹൽഗാമിലേക്ക് പോയത്. ബുധനാഴ്ച നാട്ടിൽ എത്തുന്നതുവരെ പിതാവ് മരണപ്പെട്ട വിവരം അമ്മയെ അറിയിച്ചില്ല.
കുറച്ച് ദൂരെ അച്ഛൻ വെടികൊണ്ട് മരിച്ചുകിടക്കുമ്പോഴും തനിക്കൊന്ന് കരയാൻപോലും കഴിയുമായിരുന്നില്ല. അമ്മക്കെന്ത് സംഭവിക്കും എന്നായിരുന്നു പേടി. ഹോട്ടൽമുറിയിൽ വെച്ച് രാത്രിയോടെ പിതാവിന്റെ മൃതശരീരം തിരിച്ചറിയാൻ വിളിച്ചു. മുസാഫിർ എന്ന ഡ്രൈവറും സമീർ എന്ന മറ്റൊരു വ്യക്തിയുമാണ് മോർച്ചറിയിലടക്കം ഒരനിയത്തിയെപ്പോലെ കൊണ്ടുനടന്ന് എല്ലാ സഹായങ്ങളും ചെയ്തുതന്നത്. കശ്മീരിൽനിന്ന് ലഭിച്ച രണ്ട് സഹോദരങ്ങളായാണ് അവരെ കാണുന്നത്. അല്ലാഹു അവരെ രക്ഷിക്കട്ടെ എന്ന് പ്രാർഥിച്ചാണ് എയർപോർട്ടിൽനിന്ന് യാത്ര പറഞ്ഞ് മടങ്ങിയത്’’ -ആരതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.