'സ്വർണക്കടത്തുകാർ മാത്രമായ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ', എല്ലാം കേസിലും ജാമ്യം; സ്വപ്നക്ക് ജയിലിൽനിന്നിറങ്ങാൻ അവസരമൊരുങ്ങി
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ച പ്രതികളുടെ വിലാപം അയ്യപ്പപ്പണിക്കരുടെ കവിതയെ ഓർമപ്പെടുത്തുന്നതായിരുന്നുവെന്ന് ഹൈകോടതി. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്ന വരികൾക്ക് പകരം 'സ്വർണക്കടത്തുകാർ മാത്രമായ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ' എന്ന് രേഖപ്പെടുത്തിയാണ് എട്ട് പ്രതികൾക്ക് ജാമ്യം നൽകിയ വിധിന്യായം തുടങ്ങുന്നത്. ഇതേ കേസിലെ കുറേ പേർക്ക് ജാമ്യം നൽകിയ എൻ.ഐ.എ കോടതി, കുറേ പേർക്ക് അത് നിഷേധിക്കുന്നുവെന്നായിരുന്നു പ്രതികളുടെ പ്രധാന ആരോപണം. മുൻനിര പ്രതികളെന്നും പിൻനിരക്കാരെന്നും വിവേചനപരമായി കണ്ട് ജാമ്യം നിഷേധിച്ചതിനെയും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് കേസിലെ പ്രതികളെ കസ്റ്റംസ് കേസിൽ ഉൾപ്പെടുത്തുകയല്ലാതെ എൻ.ഐ.എ കുറ്റം ചുമത്തുന്നതിന് നീതീകരണമില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം പരാമർശിച്ചാണ് കവിതാശകലം വിധിന്യായത്തിെൻറ ഭാഗമായി ചേർത്തത്.
കള്ളക്കടത്ത് നടത്തിയത് തീവ്രവാദ പ്രവർത്തനത്തിനാണെന്നും ഇതിൽനിന്ന് കിട്ടിയ വരുമാനം തീവ്രവാദ പ്രവർത്തനത്തിന് വിനിയോഗിച്ചുവെന്നും തെളിയിക്കാൻ എൻ.ഐ.എക്ക് കഴിയാഞ്ഞതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. യു.എ.പി.എ കുറ്റം ചുമത്തിയത് പ്രഥമദൃഷ്ട്യാ നിയമപരമായി ശരിയാണോയെന്നാണ് കോടതി പരിശോധിച്ചത്. തീവ്രവാദ പ്രവർത്തനത്തിനായി കള്ളക്കടത്ത് നടത്തി, അതിനായി ഗൂഢാലോചന നടത്തി, ആളുകളെ റിക്രൂട്ട് ചെയ്തു തീവ്രവാദ സംഘം ഉണ്ടാക്കി, കള്ളക്കടത്തിലൂടെ ഫണ്ടുണ്ടാക്കി, യു.എ.ഇയിൽനിന്ന് മാത്രമല്ല സൗദി അറേബ്യ, ബഹ്റൈൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നും സ്വർണം കടത്തി തുടങ്ങിയ ആരോപണങ്ങളായിരുന്നു എൻ.ഐ.എ ഉന്നയിച്ചത്. എന്നാൽ, ഇവ തെളിയിക്കുന്നതിൽ പരാജയപ്പെട്ടു.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം അനുവദിച്ചതോടെ സ്വപ്ന സുരേഷിന് ജയിലിൽനിന്നിറങ്ങാൻ അവസരമൊരുങ്ങി. കസ്റ്റംസ് കേസിലും ഇ.ഡി കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ നിയമപ്രകാരം ചുമത്തിയ കരുതൽ തടങ്കൽ കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഹൈകോടതി റദ്ദാക്കുകയും ചെയ്തു. എൻ.ഐ.എ കേസിൽ ജാമ്യം ലഭിക്കാത്തതിനാലാണ് ജയിലിൽ തുടരേണ്ടിവന്നത്. ഡോളർ കടത്ത്, ലൈഫ് മിഷൻ, വ്യാജരേഖ ചമക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ സ്വപ്നക്കെതിരെ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.