‘പൊലീസ് സംരക്ഷണം ആവശ്യമില്ല’; വീണ്ടും കാമ്പസിലിറങ്ങി ഗവർണറുടെ വെല്ലുവിളി
text_fieldsതേഞ്ഞിപ്പലം: ദശാബ്ദങ്ങളായി കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകുന്ന ആളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിനു സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് കാലിക്കറ്റ് കാമ്പസിൽ പൊലീസ് നിഷ്ക്രിയമാകാൻ കാരണം. പൊലീസിനെ സ്വതന്തമായി പ്രവർത്തിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല. കേരള പൊലീസ് രാജ്യത്തെ മികച്ച സേനകളിൽ ഒന്നാണെന്നതിൽ സംശയമില്ല. പോരായ്മകൾ എല്ലാ സംവിധാനങ്ങൾക്കുമുണ്ടാകും. അത് കേരള പൊലീസിനുമുണ്ട്. അത് തനിക്ക് മനസിലാകും. താൻ എന്തു ആക്രമണവും നേരിടാൻ തയാറെന്നും ഗവർണർ പറഞ്ഞു.
തന്നെ ആരും പേടിപ്പിക്കാൻ നോക്കണ്ട. കേരളീയരിൽ നിന്നും തനിക്ക് ഭീഷണിയില്ല, എല്ലാവരും എന്നെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഡി.ജി.പിയോട് സുരക്ഷ ആവശ്യമില്ലെന്ന് രേഖമൂലം താൻ പറഞ്ഞിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ഗവർണർ റോഡിലിറങ്ങിയത്. ഗസ്റ്റ് ഹൗസിൽ നിന്നും സ്വന്തം വാഹനത്തിൽ പുറത്തേക്കു പോന്ന ഗവർണർ, എസ്.എഫ്.ഐയോടുള്ള വെല്ലുവിളിയെന്ന നിലക്കാണ് വീണ്ടും റോഡിലിറങ്ങിയത്. ഗസ്റ്റ് ഹൗസിന് മുൻപിൻ കൂടി നിന്ന മാധ്യമപ്രവർത്തകരെ സംസാരിക്കാൻ ക്ഷണിച്ച് വാഹനത്തിൽ നിന്നും ഇറങ്ങി, അവരുടെ അടുത്തേക്ക് ഗവർണർ നടന്നു വരികയായിരുന്നു.
ഗസ്റ്റ് ഹൗസിന് മുൻവശം പൊരിവെയിലത്ത് പത്തു മിനിറ്റോളമാണ് മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്. പിന്നീട് കോഴിക്കോട് നഗരത്തിലേക്ക് എന്നു പറഞ്ഞു വാഹനത്തിൽ കയറി പോയത് ദേശീയപാതയോരത്തുള്ള ഇ.എം.എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസിലേക്കാണ്. എസ്.എഫ്.ഐ കേന്ദ്രമെന്ന നിലക്കാണ് ഇ.എം.എസ്. ചെയറിലേക്ക് വെല്ലുവിളിയെന്ന രീതിയിൽ ഗവർണർ പോയത്.
തനിക്ക് പൊലീസ് സംരക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും ആരേയുംപേടിയില്ലന്നും അദ്ദേഹം അവിടേയും ആവർത്തിച്ചു. എസ്.എഫ്.ഐ യൂണിവേഴ്സിറ്റിയിലെ അവരുടെ പ്രവിലേജ് ആസ്വദിക്കുകയാണെന്നും ഗവർണർ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.