എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനർ നീക്കാൻ നേരിട്ടിറങ്ങി ഗവർണർ; എസ്.പിയോട് ക്ഷുഭിതനായി
text_fieldsതേഞ്ഞിപ്പലം: തനിക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനർ നീക്കാനാവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടിറങ്ങിയതോടെ കാലിക്കറ്റ് സർവകലാശാല കാമ്പസില്‍ നാടകീയ രംഗങ്ങൾ. താൻ ആവശ്യപ്പെട്ടിട്ടും ബാനർ നീക്കാത്തതിനെതിരെ മലപ്പുറം എസ്.പിയോട് ഗവർണർ ക്ഷുഭിതനായതോടെ, ബാനറുകള്‍ പൊലീസ് രാത്രിയോടെ നീക്കി.
‘സംഘി ചാൻസലർ വാപസ് ജാവോ, ഗവർണർ ഗോ ബാക്ക്’ തുടങ്ങിയ വാചകങ്ങളുമായി തനിക്കെതിരെ എസ്.എഫ്.ഐ കാമ്പസിൽ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാന്‍ ഞായറാഴ്ച രാവിലെ മുതല്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ, വൈകീട്ട് ഗെസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ അദ്ദേഹം വൈസ് ചാന്‍സലറോ പൊലീസോ നടപടി സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് നേരിട്ടിറങ്ങുകയായിരുന്നു.
വൈകീട്ട് 6.45ഓടെ അപ്രതീക്ഷിതമായി കാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍തന്നെ നീക്കാൻ ഗവർണർ പൊലീസിനോട് ആവശ്യപ്പെട്ടത്. ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തു. മലപ്പുറം എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് കയർത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദേശിച്ചത്. പിന്നാലെയാണ് ബാനറുകള്‍ നീക്കിയത്.
എസ് പിയും മറ്റു പൊലീസുകാരും ചേർന്നാണ് ഇവ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചു. ഇതിനിടെ, ഗവര്‍ണര്‍ താമസിക്കുന്ന സര്‍വകലാശാല കാമ്പസിലെ െഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സലര്‍ ഡോ. ജയരാജ് എത്തി. ഇദ്ദേഹത്തോടും ഗവര്‍ണര്‍ കയര്‍ത്തു.
ബാനർ നീക്കിയതോടെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാല കവാടത്തിലേക്ക് മാർച്ച് ചെയ്തു. ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. കാമ്പസിലുള്ള പ്രവർത്തകരും പ്രതിഷേധത്തിനെത്തി. പൊലീസ് നീക്കിയ ബാനറുകൾ പ്രവർത്തകർ പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.