ഇരുത്തില്ലെന്ന് സി.പി.എം; അധികാരത്തിൽ കടന്നുകയറേണ്ടെന്ന് ഗവർണറും
text_fieldsതിരുവനന്തപുരം: ഗവർണറും സർക്കാറുമായുള്ള പോര് പുതിയ തലത്തിലേക്ക്. തന്റെ അധികാരത്തിൽ കടന്നുകയറേണ്ടെന്ന് ഗവർണർ പറയുമ്പോൾ ഇനി ചാൻസലറായി തുടരാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സി.പി.എം. സർക്കാറിലും സർവകലാശാലകളിലും ഭരണ പ്രതിസന്ധിയുണ്ടാക്കുകയാണ് ഗവർണർ എന്നാണ് ഇടതുമുന്നണി ആക്ഷേപം.
ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിടില്ലെന്നുതന്നെയാണ് സി.പി.എമ്മിന്റെയും സർക്കാറിന്റെയും വിലയിരുത്തൽ. ആ സാഹചര്യത്തിൽ ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവരുന്ന കാര്യം ബുധനാഴ്ച മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.
ഓർഡിനൻസിനോട് സി.പി.എമ്മിൽതന്നെ വിയോജിപ്പുണ്ട്. നിയമോപദേശത്തിൽ പാളിച്ചയുണ്ടായെന്ന വിലയിരുത്തലുമുണ്ട്. നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പാസാക്കിയ ലോകായുക്ത, സർവകലാശാല ബില്ലുകൾ അംഗീകരിക്കാത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ പോര് രൂക്ഷമാകാനാണ് സാധ്യത. രാജ്ഭവനിലേക്ക് നടന്ന എൽ.ഡി.എഫ് മാർച്ച് ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകുമ്പോൾ കേരളത്തിലെ വിദ്യാർഥികൾക്കുവേണ്ടിയുള്ള പോരാട്ടമാണ് തന്റേതെന്ന നിലപാടിലാണ് ഗവർണർ. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചിരിക്കുകയാണെന്ന് സർക്കാർ ആരോപിക്കുമ്പോൾ ഡൽഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കൽ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് രാജഭവൻ വിശദീകരിക്കുന്നു. മുമ്പ് ഒപ്പിടാതെവെച്ച ബില്ലുകളിലെ ചില സംശയങ്ങൾ മുഖ്യമന്ത്രിയോട് ഉന്നയിക്കുകയും വന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആരും വന്നില്ല. ഇതു തുടർന്നുപോരുന്ന ശീലമാണെന്നും ഗവർണർ ആരോപിക്കുന്നു.
മാസത്തിൽ 20 ദിവസം ഡൽഹിയിലുള്ള ഗവർണറുടെ ഇടത്താവളം മാത്രമാണ് കേരളമെന്നും അങ്ങനെ തിരക്കുള്ള വ്യക്തി എങ്ങനെ സർവകലാശാലകളുടെ ചുമതല നിർവഹിക്കുമെന്നുമാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ പറയുന്നത്. താൻ തന്റെ അധികാര പരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവർത്തിക്കണമെന്ന് വ്യക്തമാക്കുമ്പോൾ നിങ്ങൾ എന്റെ അധികാരത്തിൽ കടന്നുകയറരുതെന്ന് പറയാതെ പറയുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ചാൻസലറായി ഗവർണർ തുടരുന്നതെന്നും അല്ലാതെ കിട്ടിയ അധികാരമല്ലിതെന്നുമാണ് ഭരണപക്ഷ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.