ഭാവിയിലെ തിരിച്ചടികൾ സർക്കാർ ചുമലിലിട്ട് ഗവർണർ തടിയൂരി
text_fieldsതിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും അതിന്റെ ഉത്തരവാദിത്തം സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ചുമലിലിട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാർശ വിയോജിപ്പുകളോടെയാണ് ഗവർണര്‍ അംഗീകരിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ വരെ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായത് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെയായിരുന്നു. ഈ വിഷയത്തിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാറിനുമായിരിക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഫോണിൽ അറിയിച്ചു. താൻ ഭരണഘടനപരമായ കർത്തവ്യം നിർവഹിക്കുക മാത്രമാണെന്ന് ഗവർണർ പരസ്യമായി പറഞ്ഞതും കൃത്യമായ കണക്കുകൂട്ടലോടെയാണ്.
ഭരണഘടനവിരുദ്ധ പ്രസംഗത്തിന്റെ പേരിലുള്ള കേസ് അവസാനിക്കുന്നതിന് മുമ്പാണ് സജിയുടെ മടക്കം. അതിനാൽ കോടതി നിലപാട് നിർണായകം. സജി ചെറിയാനെതിരെ കോടതിയെ സമീപിക്കാൻ പ്രതിപക്ഷം ആലോചിക്കുന്നതായും സൂചനയുണ്ട്. ആ സാഹചര്യത്തിൽ ഭാവിയിൽ ഈ പുനഃപ്രവേശനം നിയമവെല്ലുവിളി സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
സത്യപ്രതിജ്ഞക്ക് അനുമതി നൽകിയെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ കൂടുതൽ വ്യക്തത വരുത്തും. മുഖ്യമന്ത്രിയോട് പല ചോദ്യങ്ങളും ഗവർണർ ഉന്നയിച്ചതായാണ് വിവരം.
കോടതിയിൽ കേസുള്ളതിനാൽ സത്യപ്രതിജ്ഞ നടത്തുന്നത് ഉചിതമാണോ എന്നും ഗവർണർ മുഖ്യമന്ത്രിയോട് ആരാഞ്ഞു. സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ നിയമ തടസ്സമില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമാണെന്നും വ്യക്തമായ നിയമോപദേശം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനം മാറ്റിയതെന്നാണ് വിവരം. ഭരണഘടനയെ വിമർശിച്ചതിന് സ്ഥാനമൊഴിയേണ്ടിവന്നത് അസാധാരണമാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.