ചേർത്തല എസ്.എച്ച് നഴ്സിങ് കോളജിൽ ആരോഗ്യസർവകലാശാല തെളിവെടുപ്പ്
text_fieldsചേര്‍ത്തല: ചേര്‍ത്തല സേക്രഡ് ഹാർട്ട് (എസ്.എച്ച്) നഴ്സിങ് കോളജിനെതിരെ ഗുരുതരപരാതി ഉയർന്നതോടെ വിദ്യാർഥികളിൽനിന്നും ആരോഗ്യസർവകലാശാല തെളിവെടുപ്പ് നടത്തി. കോളജ് വൈസ്പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചതിനൊപ്പം നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരിപ്പ് വൃത്തിയാക്കി എന്നതടക്കമുള്ള പരാതികളടങ്ങിയ റിപ്പോർട്ട് നഴ്സിങ് കൗൺസിൽ സർവകലാശാലക്ക് കൈമാറിയ സാഹചര്യത്തിലാണ് നടപടി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സർവകലാശാല അധികൃതര്‍ കോളജിലെത്തി വിദ്യാര്‍ഥികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വൈകാതെ നടപടികളുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും വിവരങ്ങൾ തേടിയിട്ടുണ്ട്. വിദ്യാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയിൽ കഴിഞ്ഞദിവസം കോളജിലെത്തിയ നഴ്സിങ് കൗണ്സിൽഅംഗങ്ങള്ക്ക് മുന്നിലാണ് വിദ്യാർഥികൾ ഞെട്ടിക്കുന്ന വിവരം ധരിപ്പിച്ചത്. ഇതേത്തുടർന്നാണ് നഴ്സിങ് കൗൺസിൽ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കുനേരെ ലൈംഗിക അധിക്ഷേപം, വിദ്യാര്‍ഥികളെ കൊണ്ട് ഡോക്ടറുടെ ചെരിപ്പ് വൃത്തിയാക്കിച്ചു, ശുചിമുറികളും വാര്‍ഡുകളും കഴുകിക്കുന്നു, ഹോസ്റ്റലില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല തുടങ്ങിയ പരാതികളും മൊഴികളായി നല്‍കിയിരുന്നു. അതിനിടെ, വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പരാതികളുടെ അടിസ്ഥാനത്തില്‍ നഴ്സിങ് കൗണ്‍സില്‍ നിർദേശിച്ച രക്ഷാകര്‍ത്താക്കളുടെ യോഗം ചൊവ്വാഴ്ച കോളജിൽ നടക്കും. ഇതിൽ രക്ഷിതാക്കളുടെ നിലപാടുകൾ നിർണായകമാകും.
സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി യുവജനസംഘടനകളും പ്രതിഷേധമുയർത്തി. കെ.എസ്.യു ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കോളജ് പ്രിന്‍സിപ്പൽ റൂബി ജോർജിനെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.