അടിയന്തര സാഹചര്യം നേരിടാൻ കെ.എസ്.ആർ.ടി.സി സജ്ജം -മന്ത്രി ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: മഴക്കെടുതിയെ തുടർന്നുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കെ.എസ്.ആർ.ടി.സി സജ്ജമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ശക്തമായ മഴക്കെടുതിക്കിടയിൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബുധനാഴ്ച 4600 സർവീസുകൾ നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ അവിടെ നിന്നും യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനും ചിൽ ബസുകൾ ഉപയോഗിച്ച് 50ൽപരം സർവീസുകൾ നടത്തി.
ആളുകളുടെ ആവശ്യം അനുസരിച്ച് സർവീസ് നടത്തുന്നതിന് കൂടുതൽ ബസുകളും ജീവനക്കാരെയും എയർപോർട്ടിൽ സജ്ജരാക്കിയിട്ടുണ്ട്. ട്രെയിൻ തടസപ്പെട്ട തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ കളിയിക്കാവിള വരെയുള്ള ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തി വരുന്നു. മഴക്കെടുതിയിൽപ്പെട്ട പത്തനംതിട്ട ജില്ലയിൽ യാത്രക്കാരുടെ ആവശ്യാർഥം കൊട്ടാരക്കര ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.
ഹജജ് യാത്രക്കാർക്ക് വേണ്ടി മലബാറിൽ നിന്നുള്ള സ്പെഷ്യൽ സർവീസ് തിരുവനന്തപുരത്തേക്ക് നീട്ടിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയും എയർപോർട്ട് അധികൃതരും ആവശ്യപ്പെടുന്ന രിതിയിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് ഏറണാകുളത്ത് നിലവിൽ 20ഓളം ബസുകളും അതിനുള്ള ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന മുറക്ക് അവ ലഭ്യമാക്കും. പ്രളയക്കെടുതിയിൽപ്പെട്ട വയനാട്, ഇടുക്കി ജില്ലകളിൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശാനുസരണമാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ സർവീസ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.