സർക്കാർ സർവീസിലുള്ളവർ വിദേശ ജോലിക്ക് പോകുന്നതു തടയാൻ നടപടി വേണം –ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ സർവിസിലുള്ളവർ ദീർഘകാല അവധിയെടുത്ത് വിദേശ ജോലിക്ക് പോകുന്നതു തടയാൻ നടപടി വേണമെന്ന് ഹൈകോടതി. സർവിസ് ചട്ടത്തിൽ സർക്കാർ ഇതിനാവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു.
ദീർഘാവധിയെടുത്ത് വിദേശ ജോലിക്കുപോയി മടങ്ങി വന്നശേഷം പെൻഷൻ വാങ്ങുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം അരീക്കോട് കോളജ് അധ്യാപകനായിരുന്ന പി.എൻ. അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർവിസിലുള്ളവർക്ക് വിദേശ ജോലിക്കുപോകാൻ ദീർഘകാല അവധി നൽകരുതെന്ന് പലവട്ടം കോടതി ഉത്തരവുണ്ടായിട്ടും സർവിസ് ചട്ട ഭേദഗതിക്ക് സർക്കാർ തയാറായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ സർക്കാർ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കണം. ഹരജിക്കാരനെതിരായ പരാതിയിൽ വിജിലൻസ് രണ്ടുതവണ ത്വരിതാന്വേഷണം നടത്തി പരസ്പരവിരുദ്ധ റിപ്പോർട്ടാണ് നൽകിയത്. 2015 ഒക്ടോബർ 25ന് സർക്കിൾ ഇൻസ്പെക്ടറും പിന്നീട് ഡിവൈ.എസ്.പിയും ത്വരിതാന്വേഷണ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഒരുറിപ്പോർട്ടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് പറയുമ്പോൾ മറ്റേതിൽ പ്രോസിക്യൂഷന് സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയത്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ എങ്ങനെ സമർപ്പിച്ചെന്ന് വിജിലൻസ് ഡയറക്ടർ വ്യക്തമാക്കണം. ഹരജിക്കാരനെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമാണോയെന്നും അറിയിക്കണം. മൂന്നാഴ്ചക്കകം സത്യസന്ധമായ റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.