പണംവാങ്ങി ആംബുലൻസിൽ ആളെക്കടത്ത്; നാലുപേർ പിടിയിൽ
text_fieldsകിളിമാനൂർ: ലോക്ഡൗണിൽ യാത്രാനിരോധനം നിലനിൽക്കുന്നതിനിടെ ആംബുലൻസിൽ തിരുവനന്തപുരം ജില്ലക്ക് പുറത്തേക്ക് ആളുകളെ കടത്താനുള്ള ശ്രമം അതിർത്തിയിൽ തടഞ്ഞു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർ പിടിയിലായി. സംസ്ഥാനപാതയിൽ ജില്ല അതിർത്തിയായ തട്ടത്തുമല വാഴോട് താൽകാലിക ചെക്പോയിന്‍റിൽ വ്യാഴാഴ്ച രാത്രിയാണ് ആംബുലൻസിൽ ആളെ കടത്താൻ ശ്രമം നടന്നത്.
തിരുവനന്തപുരം കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ആംബുലൻസിലാണ് മനുഷ്യക്കടത്ത് നടന്നത്. ആംബുലൻസ് ഡ്രൈവർ മുദാക്കൽ പൊയ്കമുക്ക് തെള്ളിക്കോട്ടുവിള വീട്ടിൽ സ്വരാജ് (23), പുളിമാത്ത് അലൈകോണം ആർ.എൽ ഭവനിൽ രഞ്ചിത്ത് (28), കഠിനംകുളം ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ബിസ്മില്ലാ ഹൗസിൽ ഷാജുദ്ദീൻ (44), കീഴാവൂർ വെള്ളാവൂർ വയലിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്.
ചങ്ങനാശേരിയിൽ അപകടത്തിൽപെട്ട വാഹനം ശരിയാക്കി എത്തിക്കാൻ മെക്കാനിക്കുകളുമായി പോകുകയാണെന്നാണ് ആംബുലൻസ് ഡ്രൈവർ ആദ്യം പറഞ്ഞത്. തുടർന്ന് ആംബുലൻസിലുള്ളവരെ ചോദ്യം ചെയ്തതിൽ ഇവർ മെക്കാനിക്കുകൾ അല്ലെന്നും വൻ തുക വാങ്ങിയുള്ള മനുഷ്യക്കടത്താണെന്നും ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ആംബുലൻസിനെയും ജീവനക്കാരെയും അതിർത്തി കടക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിറയിൻകിഴ് തഹസീൽദാർ മനോജ് കുമാർ, കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യക്കടത്ത് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.