ജേക്കബ് തോമസിനെതിരായ നടപടി: ഐ.എ.എസുകാര്‍ അമര്‍ഷത്തില്‍
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെതിരായ നടപടി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രതികരണത്തില്‍ ഐ.എ.എസുകാര്‍ക്ക് കടുത്ത അമര്‍ഷം. ജേക്കബ് തോമസില്‍ പൂര്‍ണവിശ്വാസമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരാമര്‍ശം മറ്റ് ഉദ്യോഗസ്ഥരെ അവിശ്വസിക്കുന്നെന്ന പരോക്ഷ പ്രതികരണമാണെന്ന് ഒരുവിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇത് അടിവരയിട്ടുറപ്പിക്കുന്ന തരത്തിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം പ്രതികരിച്ചത്.
വിജിലന്‍സ് ഡയറക്ടറെ വിശ്വസിക്കുന്ന മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ധനകാര്യസെക്രട്ടറിയെയും അവിശ്വസിക്കുകയാണോയെന്നാണ് ചെന്നിത്തല ചോദിച്ചത്. വിജിലന്‍സിന് മുകളിലല്ല മറ്റൊരു ഏജന്‍സിയും എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍, ജേക്കബ് തോമസിനെതിരായ ധനകാര്യപരിശോധനറിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണമാകാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ ഏത് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുമെന്നതും വ്യക്തമല്ല.
പൊലീസ്സേനയില്‍ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഒന്നാമനായ ടി.പി. സെന്‍കുമാര്‍ സര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അവധിയിലാണ്. ഇതുമുന്നില്‍ കണ്ടാണ് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ നിയന്ത്രിക്കാന്‍ വിജിലന്‍സ് കമീഷന്‍ രൂപവത്കരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് കടമ്പകളേറെയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. ഐ.എ.എസ്, വിജിലന്‍സ് പോരില്‍ ഐ.എ.എസുകാര്‍ക്കെതിരായ നിലപാടാണ് നളിനി നെറ്റോ സ്വീകരിച്ചത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതും അവരാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ചില്‍ വിരമിച്ചാല്‍ നളിനി നെറ്റോയാകും ആ പദവിയിലത്തെുക. അവര്‍ക്ക് അഞ്ചുമാസത്തെ കാലാവധിയേ ഉണ്ടാകൂവെങ്കിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കാം. ഇത് തിരിച്ചടിയാകുമെന്നാണ് അസോസിയേഷന്‍െറ പൊതുവികാരം.
ഹരജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി
മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹരജിയില്‍ കൂടുതല്‍ രേഖകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ജേക്കബ് തോമസിനെ പദവിയില്‍നിന്ന് നീക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയടക്കമുള്ള രേഖകളാണ് നല്‍കിയത്. ഡ്രഡ്ജര്‍ ഇടപാടില്‍ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാരോപിച്ച് ഹരജി നല്‍കിയ മൈക്കിള്‍ വര്‍ഗീസാണ് രേഖകള്‍ കൈമാറിയത്.
കേസ് പരിഗണിച്ച കോടതി ഹരജിക്കാരനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ ശനിയാഴ്ച കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചത്. ഹരജിയില്‍ ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് പുതിയ തെളിവുകള്‍ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.