കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു
text_fieldsവണ്ടൂർ: കാഞ്ഞിരംപാടത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. യുവതി മരിച്ചുകിടന്ന അടങ്ങാപ്പുറത്ത് സുധീറിെൻറ വീട്ടിലും മുൻവശത്തെ കിണറ്റിലും പരിശോധന നടത്തിയ സംഘം സംഭവസ്ഥലത്തെ വിരലടയാളങ്ങളും മറ്റു സാമ്പിളും ശേഖരിച്ചു. മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ജില്ല ഫോറൻസിക് ലാബിലെ സയൻറിഫിക് വിദഗ്ധ സൈനബയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അരീക്കോട് വാക്കാലൂർ സ്വദേശിനിയായ ശാന്തകുമാരിയെയാണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുൻ ഭർത്താവുമായി വിവാഹമോചനം നേടിയ ഇവർ ഇടക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി അവസാനമായി ഇയാളുടെ വീട്ടിലെത്തിയത്.
തുടർന്ന് തിങ്കളാഴ്ച രാവിലെ സുധീറിെൻറ അമ്മയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിൽ താഴെ പഴക്കം തോന്നിക്കുന്നതായാണ് പൊലീസ് നിഗമനം. വെള്ളത്തിൽ മുങ്ങിയുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബലപ്രയോഗം നടന്നതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ല. റിപ്പോർട്ട് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ തുടർന്നുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.