പൊലീസ് നായ ചത്ത സംഭവത്തിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കിയ പൊലീസ്നായ കല്യാണിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശംഖുമുഖം എ.സി അനുരൂപിന്റെ മേൽനോട്ടത്തിൽ പൂന്തുറ സി.ഐ പ്രദീപിനാണ് അന്വേഷണചുമതല. കെ 9 സ്ക്വാഡിലെ എസ്.ഐയും അന്വേഷണ സംഘത്തിലുണ്ടാകും.
ആദ്യഘട്ടമായി കല്യാണിയുടെ ആന്തരാവയവങ്ങൾ പബ്ലിക് ലാബോട്ടറിയിലേക്ക് രാസപരിശോധനക്കയച്ചു. ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും. അതിനുശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. നായയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെയും പരിശീലകരെയും കണ്ട് മൊഴി രേഖപ്പെടുത്തും. മസ്തിഷ്കാർബുദം ബാധിച്ച നായക്ക് നൽകിയിരുന്ന മരുന്നുകൾ തുടർച്ചയായി ഉപയോഗിച്ചാൽ വിഷാംശം ശരീരത്തിൽ പ്രകടമാകാൻ സാധ്യതയുണ്ടോയെന്നും ശാസ്ത്രീയ പരിശോധന നടത്തും.
മരുന്നിന്റെ രാസപ്രതിപ്രവർത്തനം മൂലം ശരീരത്തിൽ ഏതൊക്കെ സാഹചര്യത്തിൽ വിഷാംശം ഉണ്ടാകാമെന്നും അന്വേഷിക്കും. ഇതിനായി ഈ മേഖലയിലെ വിദഗ്ധരുടെ സഹായം തേടും. നായയുടെ ഉള്ളിലെത്തിയ വിഷത്തിന്റെ അളവ് എത്രയെന്നും അത് എപ്പോഴൊക്കെയാണ് എന്നും കണ്ടെത്തും. പോസ്റ്റുമാർട്ടം റിപ്പോർട്ടിനു പിന്നാലെ മൂന്ന് പൊലീസുകാരെ മാറ്റി നിർത്തിയാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.