പ്രോട്ടോകോൾ ലംഘനം തൂക്കിക്കൊല്ലാനുള്ള കുറ്റമല്ലെന്ന് ജലീൽ
text_fieldsതിരുവനന്തപുരം: മന്ത്രിയായിരിക്കെ സർക്കാർ അറിയാതെ യു.എ.ഇ കോൺസൽ ജനറലിന് കത്തയച്ചതിൽ പ്രോട്ടോകോൾ ലംഘനം നടന്നെങ്കിൽ തന്നെ തൂക്കിലേറ്റിക്കോട്ടെയെന്ന് കെ.ടി. ജലീൽ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മന്ത്രിയായിരിക്കെ കെ.ടി. ജലീൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മാധ്യമം' പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് കെ.ടി. ജലീൽ കത്തയച്ചെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ പ്രോട്ടോകോൾ ആണ്. എങ്കിൽ, യു.എ.ഇ നാഷനൽ ഡേയിൽ പ്രതിപക്ഷനേതാവ് പങ്കെടുത്തതിൽ പ്രോട്ടോകോൾ ലംഘനം ആരോപിക്കണ്ടേ. അന്നത്തെ പ്രതിപക്ഷ നേതാവ് പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ താനും ലംഘിച്ചു. അങ്ങനെ പ്രോട്ടോകോൾ ലംഘിച്ചെന്നുതന്നെ കരുതുക. ഇതിൽ തൂക്കിക്കൊല്ലാനുള്ള ഒരു കുറ്റവുമില്ല. കോൺസൽ ജനറലിന് കത്തയച്ചത് എങ്ങനെയാണ് രാജ്യദ്രോഹമാകുക. വിദേശത്തെ ഭരണാധികാരിയോടോ വിദേശകാര്യനയത്തിലോ ഇടപെടുകയോ, അത് ശരിയല്ലെന്ന് പറയുകയോ ചെയ്താലേ പ്രോട്ടോകോൾ ലംഘനമാകൂ. പത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. പ്രോട്ടോകോൾ ഹാൻഡ് ബുക്കിന്‍റെ ഭാഗം മാധ്യമപ്രവർത്തകർ വായിച്ച് കേൾപ്പിച്ചപ്പോൾ യു.ഡി.എഫ് എം.പിയും കത്തയച്ചിട്ടുണ്ടെന്നും യു.ഡി.എഫ്-ബി.ജെ.പി നേതാക്കളും അവരുടെ ചടങ്ങിന് പോയെന്നുമായിരുന്നു ജലീലിന്‍റെ മറുപടി.
യു.എ.ഇ ഭരണാധികാരിക്ക് കത്തയക്കാൻ തനിക്ക് കഴിയില്ല. അതല്ല, ഇക്കാര്യത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടെങ്കിൽ കോൺസൽ ജനറലിന്‍റെ പി.എ ഇക്കാര്യം ചൂണ്ടിക്കാട്ടണ്ടേ. അവരത് ചെയ്തില്ല. 'ഡിയർ ബ്രദർ' എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചത്. അബ്ദുൽ ജലീൽ എന്ന തന്‍റെ ഔദ്യോഗിക നാമത്തിലാണ് കത്തയച്ചത്. പല എം.പിമാരും എം.എൽ.എമാരും കോൺസൽ ജനറലിന് കത്ത് കൊടുത്തിട്ടുണ്ട്. അതിന്‍റെ തെളിവ് തന്‍റെ പക്കലുണ്ടെന്നും ജലീൽ പറഞ്ഞു.
താൻ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുന്നു. അതുപോലെ തന്നെയാണ് മാധ്യമത്തെയും. തനിക്ക് മാധ്യമത്തിൽനിന്നും മീഡിയ വണ്ണിൽനിന്നും നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായി മീഡിയവൺ നിരോധനത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ല. താൻ സി.പി.എം അംഗമല്ല. ഗാന്ധി ചെയ്തപോലെ ഒരു കവിളിലടിച്ചാൽ മറ്റേ കവിൾ കാണിക്കാൻ ഞാനില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിന് നിങ്ങൾ തനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും കെ.ടി. ജലീൽ പറഞ്ഞു.
സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ല
തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് കെ.ടി. ജലീൽ. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾതന്നെയാണ് ആവർത്തിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം എൻ.ഐ.ഐ ഉൾപ്പെടെ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതാണ്. സ്വർണ കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം അപ്രസക്തമായി.
യു.എ.ഇ കോൺസൽ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ട്രാവൽ ഏജന്സി നടത്തിയിരുന്നു. നികുതി അടയ്ക്കാത്ത ഒരു രൂപപോലും കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച ഇ.ഡിക്ക് പണ്ടേ ബോധ്യപ്പെട്ടതാണ്. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ താൻ ഇങ്ങനെയാകില്ല ജീവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.