കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ മുൻ ജില്ല എക്സിക്യൂട്ടീവ് അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാവിലെ 11ഓടിയ എത്തിയ ഇദ്ദേഹത്തെ മണിക്കൂറുകൾ ചോദ്യം ചെയ്തു.
കണ്ടല ബാങ്കിൽ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേട് മാത്രമാണെന്നും ഇത് തെളിയിക്കേണ്ടിടത്ത് തെളിയിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയ ഭാസുരാംഗൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴി രേഖപ്പെടുത്താനാണ്. സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി 35 മണിക്കൂർ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. ഇവരിൽ പലരും നൽകിയ മൊഴികളും നിർണായകമായി. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം വന്ന ഭാസുരാംഗൻ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഒരുമിച്ചിരുത്തിയും വിവരങ്ങൾ തേടിയിരുന്നു.
അതിനിടെ തട്ടിപ്പിൽ നടപടികൾ കടുപ്പിച്ച് ഇ.ഡി, ബാങ്കിലെ പരിശോധന പൂർത്തിയാക്കി. ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. ബാങ്കിൽനിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പിടിച്ചെടുത്ത അന്വേഷണസംഘം കമ്പ്യൂട്ടർ ഹാർഡ്ഡിസ്ക്, സി.പി.യു അടക്കവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഇ.ഡി, അഖിൽജിത്തിന്റെ ആഡംബര കാർ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.