ഡി.ജി.സി.എക്ക് അന്തിമ റിപ്പോർട്ട് നൽകി: പറന്നുയരാൻ കണ്ണൂർ സജ്ജം
text_fieldsകണ്ണൂർ: ഇനി ഒരു അനുമതിയും പ്രാഥമിക ക്രമീകരണവും മാത്രം അവശേഷിക്കുംവിധം കണ്ണൂർ വിമാനത്താവളം 99 ശതമാനം സജ്ജം. രണ്ട് കേന്ദ്ര ഏജൻസികൾ വെള്ളിയാഴ്ച സന്ദർശനം നടത്തി തൃപ്തി രേഖപ്പെടുത്തിയ ശേഷം ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ അന്തിമ പച്ചക്കൊടിക്കുവേണ്ടി കിയാൽ സമർപ്പിക്കുന്ന സുസജ്ജ വിമാനത്താവളത്തിെൻറ റിപ്പോർട്ട് ശനിയാഴ്ച തയാറായി. െസപ്റ്റംബറിൽ തന്നെ പറന്നുയരാൻ കണ്ണൂർ സജ്ജമാണെന്നാണ് കിയാൽ ഇന്നലെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് നൽകാൻ ഒരുക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ഫെബ്രുവരി 18ന് കാലിബ്രേഷൻ ഫ്ലൈറ്റ് പരീക്ഷണം പൂർത്തിയായ ശേഷമുള്ള എയർസൈഡ് നിർമാണം ഇനി ബാക്കിയില്ല. റൺവേ ഗ്രൗണ്ട് സിഗ്നൽ ലൈറ്റുകളെല്ലാം പൂർണമായി. റഡാർ സംവിധാനങ്ങൾ ആവശ്യമായ സിഗ്നലുകൾ പരീക്ഷണാർഥം ശേഖരിച്ചുതുടങ്ങി.
സിറ്റി സൈഡ് നിർമാണം 98 ശതമാനം കഴിഞ്ഞു. എ.ടി.സി ബിൽഡിങ് പ്രധാന ജോലികളെല്ലാം പൂർത്തിയായി. പാസഞ്ചേഴ്സ് ലോഞ്ചിെൻറ മിനുക്കുപണി തീർന്നു.
കേന്ദ്രീകൃത എയർകണ്ടീഷൻ, ലൈറ്റുകൾ, ടോയ്ലറ്റുകൾ, അഗ്നിശമന സജ്ജീകരണം എന്നിവയെല്ലാം തയാറായി. വിമാനങ്ങളുമായി ഘടിപ്പിച്ച് നേരിട്ട് പാസഞ്ചേഴ്സ് ഹാളിലേക്ക് യാത്രക്കാരെ ഇറക്കുന്ന എയ്റോ ബ്രിഡ്ജുകൾ മൂന്നും പ്രവർത്തനക്ഷമമാണ്. മൂന്നെണ്ണം അന്തിമ ഘട്ടത്തിലും. ഫുഡ്കോർട്ടുകൾ, വൈഫൈ, പ്രീപെയ്ഡ് ടാക്സി ബൂത്ത്, പാർക്കിങ് സജ്ജീകരണങ്ങൾ, ട്രോളി ശ്രേണി, മെഡിക്കൽ സർവിസ് എന്നിവയുടെ ക്രമീകരണം 2017 നവംബറിൽ തന്നെ വിവിധ ഏജൻസികൾക്ക് കരാർ നൽകിയിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയായി. സി.െഎ.എസ്.എഫ് പരിശോധന കഴിഞ്ഞതോടെ ബറ്റാലിയൻ പ്രവർത്തനം ഉടൻ തുടങ്ങും. വിമാനത്താവള സുരക്ഷാ ചാനൽ ഇതോടെ നിലവിൽ വരും. എമിഗ്രേഷൻ ബ്യൂറോക്ക് 2018 ഫെബ്രുവരിയിൽ അനുമതി കിട്ടിയിരുന്നു. ഡി.ജി.സി.എ മേയ് 22 മുതൽ 24 വരെ പ്രീലൈസൻസിങ് സന്ദർശനം നടത്തിയപ്പോൾ നൽകിയ നിർദേശമനുസരിച്ചുള്ള അവസാന നിർമാണ ദൗത്യം എല്ലാം പിന്നിട്ടു. അതിന് ശേഷമുള്ള പുരോഗതികളുടെ സമ്പൂർണ റിപ്പോർട്ടാണ് ശനിയാഴ്ച കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.