കരമന അഖിലിനെ കൊലപ്പെടുത്തിയത് ഇരുമ്പുവടികൊണ്ടും ഹോളോബ്രിക്സ് കൊണ്ടും തലയ്ക്കടിച്ച്: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കരമന സ്വദേശി അഖിൽ(22)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അഖിലിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികൾ കമ്പിവടി കൊണ്ട് പലതവണ അഖിലിന്റെ തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ശരീരമാസകലം മുറിവുകളുണ്ട്. ഇരുമ്പു വടികൊണ്ട് പലതവണ തലയ്ക്കടിച്ച ശേഷം കല്ലുകൊണ്ട് ശരീരം മുഴുവൻ ആക്രമിക്കുന്നുമുണ്ട്. ഹോളോബ്രിക്സ് കൊണ്ടും യുവാവിന്റെ തലയ്ക്കടിച്ചിട്ടുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോൾ അഖിൽ.
ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദനം തുടർന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാറിലെത്തിയ സംഘം അഖിലിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. യുവാവിന് ചിലരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. കഴിഞ്ഞാഴ്ച ബാറിൽ വെച്ച് അഖിലും കുറച്ച് പേരുമായി തർക്കമുണ്ടായിരുന്നു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്.അതേസമയം, കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കൊലപാതകം ദാരുണ സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു.
അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.
മത്സ്യക്കച്ചവടമായിരുന്നു അഖിലിന്റെ തൊഴിൽ. കച്ചവടം നടക്കുന്നതിനിടെയാണ് അക്രമികൾ അഖിലിനെ മർദിച്ചത്. അഖിലിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.