കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു; വിഭാഗീയതയിൽ കടുത്ത നടപടി
text_fieldsകൊല്ലം: വിഭാഗീയത സംഘർഷത്തിലും തെരുവുയുദ്ധത്തിലും എത്തിയ സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം. തുടർന്ന് നടന്ന ജില്ല കമ്മിറ്റി യോഗവും ഈ തീരുമാനം അംഗീകരിച്ചു. ഏരിയക്ക് പുറത്തുള്ള ഏഴംഗങ്ങൾ അടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിക്ക് താൽക്കാലിക ചുമതല നൽകുകയും ചെയ്തു. ഏരിയയിൽ നിന്നുള്ള സംസ്ഥാന-ജില്ല കമ്മിറ്റി അംഗങ്ങളാരും അഡ്ഹോക്ക് കമ്മിറ്റിയിൽ ഉണ്ടാവില്ല.
ഇതോടെ കരുനാഗപ്പള്ളി ഏരിയയിൽനിന്ന് ആരുംതന്നെ കൊല്ലം ജില്ല സമ്മേളനത്തിലോ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലോ പ്രതിനിധികളായി ഉണ്ടാവുകയുമില്ല. സംസ്ഥാന സമ്മേളനത്തിന് ശേഷമാവും കരുനാഗപള്ളി ഏരിയ സമ്മേളനം നടക്കുക. പാർട്ടിയെ സംബന്ധിച്ച് സമ്മേളന കാലഘട്ടത്തിലെ അസാധാരണ സംഭവമാണ് കൊല്ലത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയത്.
പാർട്ടി നേതാക്കൾക്കെതിരെ സാമ്പത്തിക- ലൈംഗിക ആരോപണങ്ങൾ ഉയർത്തി അണികളും പ്രാദേശിക നേതാക്കളും പ്രകടനം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് അടിയന്തര ജില്ല കമ്മിറ്റി ചേർന്നത്. അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നായാലും അനുവദിക്കില്ലെന്നും യോഗത്തിനുശേഷം എം.വി. ഗോവിന്ദൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.