കരുവന്നൂർ ബാങ്ക്: നിക്ഷേപകർക്ക് ഇന്നുമുതൽ പണം പിൻവലിക്കാം
text_fieldsഇരിങ്ങാലക്കുട/തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ബുധനാഴ്ച മുതൽ പണം പിൻവലിക്കാം. സർക്കാർ പാക്കേജ് പ്രകാരം 50,000 രൂപക്ക് മുകളിൽ സ്ഥിര നിക്ഷേപമുള്ളവർക്ക് അവശ്യാനുസരണം പണം പിൻവലിക്കാനാണ് അവസരമുണ്ടാവുകയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പണം വാങ്ങുന്നവർക്ക് തുക താൽപര്യമുണ്ടെങ്കിൽ ബാങ്കിൽതന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും.
50 കോടിയുടെ പാക്കേജാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിൽ 17.4 കോടി കൈയിലുണ്ട്. ഇതിൽനിന്നാണ് ആദ്യഘട്ടത്തിൽ പണം നൽകുക. ബാക്കി തുക വരും ദിവസങ്ങളിൽ എത്തും. 50,000 രൂപ വരെ കാലാവധി പൂർത്തീകരിച്ച സ്ഥിര നിക്ഷേപങ്ങളുള്ളവർക്ക് 11 മുതൽ ആവശ്യാനുസരണം പണം പിൻവലിക്കുകയോ പുതുക്കുകയോ ചെയ്യാം. 20ന് ശേഷം ബാങ്കിന്റെ എല്ലാ ശാഖകളിൽനിന്നും 50,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കും. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്.
കാലാവധി പൂർത്തിയാക്കിയ 136 കോടിയുടെ നിക്ഷേപത്തിൽ 79 കോടിയും തിരിച്ച് നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്ന് അഞ്ച് കോടിയും കഴിഞ്ഞ ദിവസം ലഭിച്ചു. കരുവന്നൂരിന്റെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപങ്ങൾ വന്നുതുടങ്ങിയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ പറഞ്ഞു.
381 കോടിയാണ് ബാങ്കിന്റെ നിലവിലെ വായ്പ. ഇതിന്റെ പലിശയിനത്തിൽ 128 കോടിയുമുണ്ട്. 509 കോടിയാണ് മൊത്തം ലഭിക്കാനുള്ളത്. കുടിശ്ശിക വായ്പ തിരിച്ചുപിടിക്കാനുള്ള കാമ്പയിൻ നടക്കുകയാണ്. മൂന്ന്, നാല് തീയതികളിലായി അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
ബാങ്ക് പ്രവർത്തനം പരിമിതപ്പെട്ടശേഷം നിക്ഷേപവും പലിശയുമായി 76 കോടി നിക്ഷേപകർക്ക് തിരിച്ചുനൽകി. 80 കോടിയുടെ വായ്പ കുടിശ്ശിക തിരിച്ചടവും വന്നു. 10 ലക്ഷം വരെയുള്ള സാധാരണ വായ്പയും ഏറ്റവും ചുരുങ്ങിയ പലിശക്ക് എട്ട് ശതമാനം നിരക്കിൽ സ്വർണപ്പണയ വായ്പയും നൽകുന്നുണ്ട്. മൂന്ന് സൂപ്പർമാർക്കറ്റുകൾ, രണ്ട് നീതി സ്റ്റോറുകൾ ആംബുലൻസ് സേവനം എന്നിവയുടെയും പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.കെ. ചന്ദ്രശേഖരൻ, അംഗങ്ങളായ എ.എം. ശ്രീകാന്ത്, അഡ്വ. പി.പി. മോഹൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഇ.ഡിയിൽനിന്ന് ആധാരങ്ങൾ തിരിച്ചുകിട്ടിയില്ല
ഇരിങ്ങാലക്കുട/തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേടുമായി ബന്ധമില്ലാത്ത ആധാരങ്ങളും ഇ.ഡി പിടിച്ചെടുത്തത് വായ്പ തിരിച്ചടവിന് തടസ്സമുണ്ടാക്കുന്നതായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. മൊത്തം 162 ആധാരങ്ങൾ ബാങ്കിൽനിന്ന് ഇ.ഡി പിടിച്ചെടുത്തു. അതിൽ 186 കോടിയുടെ വായ്പ ഇടപാടുകളുണ്ട്.
വായ്പയെടുത്തവർ തിരിച്ചടക്കാൻ എത്തുമ്പോൾ ആധാരം തിരിച്ചു നൽകാനാകുന്നില്ല. അതിനാൽ പണമടക്കാതെ മടങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.