കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എം.കെ. കണ്ണൻ സ്വത്തുവിവരങ്ങൾ ഹാജരാക്കി; പൂർണമല്ലെന്ന് ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം.കെ. കണ്ണൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) സ്വത്തുവിവരങ്ങൾ കൈമാറി. പ്രതിനിധികൾ വഴിയാണ് വിവരങ്ങൾ എത്തിച്ചത്.
എന്നാൽ, ഇവ പൂർണമല്ലെന്നും മുഴുവൻ രേഖകളും സമർപ്പിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഹാജരാക്കിയതിൽ കുടുംബത്തിന്‍റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളുമില്ല. ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാംഗങ്ങളുടെ ആസ്തിവകകൾ തുടങ്ങിയവ അറിയിക്കാനായിരുന്നു നിർദേശം.
മുമ്പ് രണ്ടുതവണ ഹാജരായപ്പോഴും കണ്ണൻ രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. ഇ.ഡി നൽകിയ മൂന്നാമത്തെ നോട്ടീസിലാണ് ഇപ്പോള്‍ രേഖകൾ എത്തിച്ചത്. അന്വേഷണത്തോട് കണ്ണൻ പൂർണതോതിൽ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കുകയും കർശന നിലപാട് എടുക്കുകയും ചെയ്തതിന് പിന്നാലെയാണിത്. ആവശ്യമായവയുടെ പട്ടിക പ്രത്യേകം തയാറാക്കി വീണ്ടും നൽകാനാണ് ഇ.ഡി തീരുമാനം. എന്നാൽ, ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കിയെന്നാണ് കണ്ണന്‍ അവകാശപ്പെടുന്നത്.
കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന് പങ്കുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ കണ്ണൻ മുഖ്യപ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. തൃശൂർ സഹകരണ ബാങ്കിലും സതീഷ് അടക്കം പ്രതികളിൽ ചിലർ ഇടപാട് നടത്തിയിട്ടുണ്ട്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ മധു അമ്പലപുരം വ്യാഴാഴ്ചയും ഇ.ഡി ഓഫിസില്‍ ഹാജരായി. നേരത്തേ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷനും മധുവും ചേർന്ന് സതീഷ് കുമാറിനുവേണ്ടി കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബുധനാഴ്ചയും മധുവിനെ ചോദ്യം ചെയ്തിരുന്നു.
പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് സെക്രട്ടറി ടി.ആര്‍. രാജനെ വ്യാഴാഴ്ചയും ഇ.ഡി ചോദ്യം ചെയ്തു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ 63 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടെന്ന ആരോപണം രാജൻ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.