കരുവന്നൂർ: സി.പി.എമ്മിന് മുകളിൽ വട്ടമിട്ട് ഇ.ഡി, കൂടുതൽ പേർ അന്വേഷണ പരിധിയിലേക്ക്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡിയുടെ അന്വേഷണം സി.പി.എം നേതാക്കൾക്ക് മുകളിൽ. ബാങ്ക് ക്രമക്കേടിലുപരി, ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര കണ്ടെത്തലാണ് ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നത്.
ബാങ്കിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കഴിഞ്ഞ ദിവസം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, നോട്ട് നിരോധന സമയത്ത് ബാങ്കിലൂടെ നിക്ഷേപമായെത്തി വ്യാജ വായ്പകളുടെ പേരിൽ പുറത്തേക്ക് കടത്തി വെളുപ്പിച്ചെടുത്തത് കോടികളാണെന്ന കണ്ടെത്തലിലാണ് ഇപ്പോൾ ഇ.ഡിയുടെ പ്രധാന അന്വേഷണം.
മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എക്കും ഈ ഇടപാടുകളിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ മൊയ്തീന്റെ വീട്ടിലെ പരിശോധനക്ക് പിന്നാലെ ഇദ്ദേഹവുമായി ബന്ധമുള്ള രണ്ട് പണമിടപാടുകാർ അറസ്റ്റിലായിരുന്നു. വ്യാഴാഴ്ച മൊയ്തീനുമായി ഏറെ അടുപ്പമുള്ള തൃശൂർ കോർപറേഷൻ കൗൺസിലറും സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ അനൂപ് ഡേവീസ് കാട, വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രാജേഷ്, സി.പി.എം നേതാവ് മധു എന്നിവരെയും ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. തട്ടിപ്പിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാട് അന്വേഷണത്തിൽ ഇ.ഡി എത്തുന്നത് കൂടുതൽ നേതാക്കളിലേക്കാണെന്ന സൂചനയാണുള്ളത്. കണ്ണൂരിൽനിന്ന് തൃശൂരിലെത്തി അതിവേഗത്തിൽ സാമ്പത്തിക വളർച്ച നേടിയ കോലഴി സതീഷ് കുമാറിനെ ചോദ്യം ചെയ്തതിലാണ് പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നേതാക്കളുടെ ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്.
സി.പി.എം നേതാക്കളടക്കം അഞ്ചുപേരെ ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മൂന്ന് സി.പി.എം നേതാക്കൾ ഉൾപ്പെടെ അഞ്ചുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച ചോദ്യം ചെയ്തു. അറസ്റ്റിലായ രണ്ടു പ്രതികൾക്കൊപ്പമിരുത്തിയും ഇവരെ ചോദ്യം ചെയ്തു. സി.പി.എം സംസ്ഥാന സമിതി അംഗമായ എ.സി. മൊയ്തീനെ കേസിൽ പ്രതി ചേർക്കാൻ തെളിവുകൾ തേടിയാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. സി.പി.എം ഏരിയ കമ്മിറ്റി അംഗവും തൃശൂർ കോർപറേഷൻ കൗൺസിലറുമായ അനൂപ് ഡേവിസ്, പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ, പ്രാദേശിക നേതാവ് മധു, റിയൽ എസ്റ്റേറ്റ് ഇടപാടുകാരായ രാജേഷ്, ജിഷോർ എന്നിവരെയാണ് ചോദ്യം ചെയ്തത്. അഞ്ചുപേരെയും പ്രത്യേകം ചോദ്യം ചെയ്തശേഷമായിരുന്നു, മൊയ്തീന്റെ ബിനാമിയെന്ന് ഇ.ഡി കരുതുന്ന പി. സതീഷ്കുമാർ, മുൻ ബാങ്ക് ജീവനക്കാരൻ പി.പി. കിരൺ എന്നിവർക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യൽ. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. മൊയ്തീനുമായി അടുപ്പമുള്ളവരാണ് അനൂപ് ഡേവിസും പി.ആർ. അരവിന്ദാക്ഷനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.