കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സതീഷ്കുമാറിന്‍റെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി. സതീഷ്കുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. തൃശൂർ അയ്യന്തോൾ ബാങ്കിൽ സതീഷ്കുമാറിന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. സതീഷിന്‍റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്നതും തടഞ്ഞു.
14 കോടിയുടെ ഇടപാടുകൾ സതീഷ് കുമാർ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. പലരുടെയും ബിനാമിയായി കോടികൾ സമ്പാദിക്കുകയും കൊള്ളപ്പലിശ ഇടപാടുകളിലൂടെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്തതായും ഇ.ഡി സംശയിക്കുന്നു. മുൻ മന്ത്രി എ.സി. മൊയ്തീന്‍റെ ബിനാമി എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ അന്വേഷണ പരിധിയിൽ വന്നത്. സതീഷ് കുമാറിന് വിദേശബന്ധങ്ങൾ ഉള്ളതായും സൂചനയുണ്ട്.
ഇതിനിടെ, കേസിൽ ഉന്നതരുടെ ബിനാമികളെന്ന് സംശയിക്കുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗവും തൃശൂർ കോർപറേഷൻ കൗൺസിലറുമായ അനൂപ് ഡേവിസ് കാട, പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. സി.പി.എം സംസ്ഥാന സമിതി അംഗമായ എ.സി. മൊയ്തീൻ എം.എൽ.എയെ നേരത്തേ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
2014 - 20 കാലയളവിൽ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് 150 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് എഫ്.ഐ.ആർ. സതീഷ് കുമാറിനും ഒപ്പം അറസ്റ്റിലായ ബാങ്കിലെ മുൻ ജീവനക്കാരൻ പി.പി. കിരണിനും ഉന്നതബന്ധമുണ്ടെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.