കരുവന്നൂർ ബാങ്ക്: പ്രതികൾ 2021 വരെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും
text_fieldsതൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ തൃശൂർ വിജിലൻസ് കോടതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് നടപടിയെടുത്തത്.
ബാങ്ക് മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ റെജി കെ. അനിൽ, കിരൺ എന്നിവരുടെ സ്വത്ത് ക്രൈംബ്രാഞ്ചാണ് കണ്ടുകെട്ടുക. കലക്ഷൻ ഏജന്റ് എ.കെ. ബിജോയിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടും.
കേസിലെ ഒന്നാംപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനിൽകുമാറിന്റെ പേരിൽ സ്വത്ത് ഇല്ലാത്തതിനാൽ നടപടി എടുക്കാനായിട്ടില്ല.
2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നത്. 2011 മുതൽ 2021 വരെ സമ്പാദിച്ച 58 വസ്തുക്കളാണ് കണ്ടുകെട്ടുക. ബിജോയിയുടെ പേരിൽ പീരുമേടുള്ള ഒമ്പത് ഏക്കർ സ്ഥലമുൾപ്പെടെ കണ്ടുകെട്ടും. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റുംകര എന്നിവിടങ്ങളിലുള്ള വസ്തുക്കളാണ് കണ്ടുകെട്ടുന്നത്. പരാതിക്കാലത്ത് പ്രതികൾ 117 കോടിയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് വിജിലൻസ് കോടതിയെ അറിയിച്ചു.
കലക്ഷൻ ഏജന്റ് എ.കെ. ബിജോയിയുടെ 30.70 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. ബാങ്ക് ഭരണസമിതിപോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. 2021 ജൂലൈ 14 ലാണ് കേരളത്തെ ഞെട്ടിച്ച കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് പുറത്തുവന്നത്.
312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരുടെയും ഭരണസമിതിയിലുള്ളവരുടെയും അറിവോടെ തട്ടിപ്പ് നടെന്നന്നാണ് കണ്ടെത്തൽ. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടെന്നന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒരുവർഷം പിന്നിട്ടിട്ടും കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.