കരുവന്നൂർ: മുഖ്യപ്രതിയിൽനിന്ന് എ.സി. മൊയ്തീനും പി.കെ. ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി -ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു എന്നിവർക്കെതിരെ കേസിലെ പ്രധാന പ്രതിയായ അരവിന്ദാക്ഷന്റെ മൊഴിയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഇ.ഡി കലൂരിലെ പ്രത്യേക കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് എ.സി. മൊയ്തീൻ രണ്ടു ലക്ഷവും മുൻ എം.പി പി.കെ. ബിജു അഞ്ചു ലക്ഷവും കൈപ്പറ്റിയെന്നാണ് അരവിന്ദാക്ഷൻ ഇ.ഡിക്ക് മൊഴി നൽകിയത്. എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സെക്രട്ടേറിയറ്റ് അംഗവുമായ ഇ.പി. ജയരാജനും മന്ത്രി കെ. രാധാകൃഷ്ണനും കേസിലെ പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് അരവിന്ദാക്ഷൻ വെളിപ്പെടുത്തിയതായും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
ഇ.പി. ജയരാജനൊപ്പം സതീഷിനെ കണ്ടിട്ടുണ്ട്. സതീഷ് കുമാറിൽനിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസ് പണം കൈപ്പറ്റിയെന്നും ഇ.ഡി വാദിച്ചു. 2016ലാണ് എ.സി മൊയ്തീൻ സതീഷ് കുമാറിൽനിന്ന് രണ്ടുലക്ഷം കൈപ്പറ്റിയതെന്നാണ് മൊഴി. ചോദ്യം ചെയ്യലിനിടെയാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി.
പ്രതി സതീഷ് കുമാറിൽനിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസ് 2015-16 കാലയളവിൽ 36 ലക്ഷം രൂപ വാങ്ങിയെന്നാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. രണ്ടു തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചെന്നും ഇ.ഡി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.