കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിന്‍റെ ചോദ്യം ചെയ്യലിൽ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷനും പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയുമടക്കം പ്രതികൾ സഹകരിക്കാത്ത സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് പോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ അരവിന്ദാക്ഷന് കുരുക്ക് മുറുക്കാൻ കൂടുതൽ തെളിവ് കോടതിയിൽ ഹാജരാക്കാനാണ് നീക്കം. അരവിന്ദാക്ഷന്‍റെ ജാമ്യം തടയാൻ നിർണായക നീക്കത്തിലുമാണ് അന്വേഷണ ഏജൻസി.
ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്‍റെ ഫോൺ സംഭാഷണങ്ങൾ വ്യാഴാഴ്ച കോടതിയെ കേൾപ്പിക്കും. കമീഷൻ ഇടപാട് സംബന്ധിച്ച് പരാമർശം ഫോൺ സംഭാഷണങ്ങളിലുണ്ടെന്ന് ഇ.ഡി പറയുന്നു. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകൾ വഴി ലഭിച്ച പണമാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. അരവിന്ദാക്ഷൻ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. 2013-14ൽ അരവിന്ദാക്ഷനും സതീഷും വസ്തു വിൽപനക്ക് ദുബൈയിൽ പോയി. എന്നാൽ, ഇതിന്‍റെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷൻ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപക്ക് പ്രവാസിയായ അജിത് മേനോന് വിറ്റിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്.
അമ്മക്ക് ലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്ന ഇ.ഡി ആരോപണം തെറ്റെന്നാണ് അരവിന്ദാക്ഷന്റെ വാദം. അരവിന്ദാക്ഷനെ സതീഷുമായി ബന്ധപ്പെടുത്തിയുള്ള കണ്ടെത്തലുകൾ തെറ്റാണെന്നും അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ബോധിപ്പിച്ചിരുന്നു.
കുടുംബാംഗങ്ങളുടെ ശരിയായ അക്കൗണ്ട് വിവരങ്ങൾ അരവിന്ദാക്ഷൻ തന്നില്ലെന്ന് വ്യക്തമാക്കിയ ഇ.ഡി, അദ്ദേഹത്തിന്‍റെ ആക്ഷേപങ്ങൾ പരിശോധിക്കുകയാണെന്നും പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയെ ഇതിന് ചോദ്യം ചെയ്തെന്നും ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.