കരുവന്നൂർ: ഇ.ഡിയുടെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സി.പി.എം
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡിയുടെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സി.പി.എം ഒരുങ്ങുന്നു. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ സാന്നിധ്യത്തിൽ നടന്ന ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങളിൽ ഇ.ഡി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് ചർച്ച നടത്തി.
കണ്ടെത്തലുകൾ ഗുരുതരമെന്ന് വിലയിരുത്തിയ യോഗം ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് പ്രാഥമിക ധാരണയിലെത്തി. വിശദചർച്ചകൾക്ക് ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. അന്വേഷണവും നടപടിയെടുക്കലും ഇ.ഡിക്കും പ്രതിപക്ഷത്തിനും സഹായകരമാകുമെന്ന അഭിപ്രായം ഉയർന്നതിനാലാണ് വിശദ ചർച്ചകൾ നടത്താൻ തീരുമാനിച്ചത്.
കരുവന്നൂർ ബാങ്കിൽ നടന്നത് വലിയ തട്ടിപ്പാണെന്നും പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നും നേരത്തേ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം മുതലുള്ള ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു.
ഇക്കാര്യം വിശദീകരിച്ച് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്കായി പാർട്ടി റിപ്പോർട്ടിങ്ങും നടത്തിയിരുന്നു. കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിക്കും ഉന്നത നേതാക്കൾക്കും ബന്ധമുണ്ടെന്ന ഇ.ഡി കണ്ടെത്തലും വടക്കാഞ്ചേരി നഗരസഭ കൗൺസിലറെയും പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെയും അറസ്റ്റ് ചെയ്തതും ഏരിയ കമ്മിറ്റി അംഗവും തൃശൂർ കോർപറേഷൻ കൗൺസിലറുമായ അനൂപ് ഡേവീസ് കാടയെയും മുതിർന്ന നേതാക്കളായ എ.സി. മൊയ്തീനെയും എം.കെ. കണ്ണനെയും സംശയമുനയിൽ നിർത്തിയിരിക്കുന്നതും പാർട്ടിയെ ഏറെ ബാധിച്ചുവെന്നാണ് പുതിയ വിലയിരുത്തൽ.
ജില്ല സെക്രട്ടേറിയറ്റിൽ മുതിർന്ന നേതാക്കൾ ഇക്കാര്യം ഉന്നയിച്ചു. ആരോപിതർക്കെതിരെ നടപടിയില്ലാത്തത് അവരെ സംരക്ഷിക്കുന്നുവെന്ന പ്രതീതിയാണ് പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
നേരത്തേ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ കമീഷൻ റിപ്പോർട്ട് ചോർന്നത് സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും ജില്ല കമ്മിറ്റി യോഗം ചർച്ച ചെയ്തു. കോൺഗ്രസ് പാലിയേക്കര ടോൾ പ്ലാസയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും യോഗം ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.