കരുവന്നൂർ: വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം
text_fieldsതൃശൂർ: കരുവന്നൂർ വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും സഹകാരി പദയാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി രാഷ്ട്രീയ വിശദീകരണ ജാഥകൾ നടത്താൻ സി.പി.എം ആലോചിക്കുന്നു. തിങ്കളാഴ്ച നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വിവിധതലങ്ങളിലെ പ്രതിരോധ കാമ്പയിനുകൾക്കും യോഗത്തിൽ രൂപം നൽകും. മുതിർന്ന നേതാക്കൾക്കെതിരായ കോൺഗ്രസ്-ബി.ജെ.പി ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് ശനിയാഴ്ച നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശിച്ചത്. ജില്ലയിൽ വീണ്ടും ഉടലെടുത്ത വിഭാഗീയതയിൽ ശക്തമായ താക്കീത് നൽകുകയും ചെയ്തിരുന്നു.
‘തൃശൂരിൽ ഇപ്പോൾ അഞ്ച് കലത്തിലാണ് വെയ്പെ’ന്നായിരുന്നു വിഭാഗീയതയെ സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടിയിലേക്ക് കടക്കുമെന്നും നേതാക്കളെ അറിയിച്ചു. മുതിർന്ന നേതാക്കൾ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. മുതിർന്ന നേതാക്കളായ ബേബി ജോൺ, എം.കെ. കണ്ണൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ, പി.കെ. ബിജു, എ.സി. മൊയ്തീൻ എന്നിവർ വിഭാഗീയതയിൽ ഭാഗമാണെന്ന സൂചനയായിരുന്നു ‘അഞ്ച് കലത്തിലാണ് വെയ്പെ’ന്ന നാട്ടുഭാഷാ പ്രയോഗം.
ഇപ്പോഴത്തെ ഇരിപ്പ് മതിയാവില്ലെന്നും വിശദമായ ഇരിപ്പുവേണ്ടി വരുമെന്നും പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ഗോവിന്ദൻ നേതാക്കളെ അറിയിച്ചു. നേരത്തേ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ.വി. വൈശാഖനുനേരെ വനിത നേതാവിന്റെ പരാതിയുയർന്നതിന് പിന്നിൽ വിഭാഗീയതയാണെന്ന് കണ്ടെത്തിയിരുന്നു.
കരുവന്നൂർ തൃശൂരിൽ മാത്രമല്ല സംസ്ഥാനതലത്തിൽതന്നെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് സി.പി.എം വിലയിരുത്തൽ. നിലവിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമുൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തെങ്കിലും കേസിൽ എ.സി. മൊയ്തീനും പി.കെ. ബിജുവിനും നേരെ ആരോപണമുയരുകയും ഇ.ഡി ചോദ്യം ചെയ്യലുകളിലേക്കും കടന്ന സാഹചര്യത്തിലാണ് പ്രതിരോധം വ്യാപിപ്പിക്കാനുള്ള സി.പി.എം തീരുമാനം. സുരേഷ്ഗോപിക്ക് സാധ്യതയൊരുക്കലാണ് ഇ.ഡിയുടെ നീക്കമെന്ന രാഷ്ട്രീയ പ്രതിരോധം ഇതിന്റെ ഭാഗമായാണ് മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.