കരുവന്നൂർ രക്ഷാപാക്കേജ്: സഹകരണ ക്ഷേമനിധിയിൽനിന്ന് അഞ്ച് കോടി കൂടി
text_fieldsതൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിന്റെ പ്രതിസന്ധി മറികടക്കാനുള്ള രക്ഷാപാക്കേജിൽ പ്രഖ്യാപിച്ച സഹകരണ ക്ഷേമനിധിയിൽനിന്നുള്ള അഞ്ച് കോടി രൂപ കൂടി ബാങ്കിലെത്തി. 10 കോടിയിൽ അഞ്ച് കോടി നേരത്തേ നൽകിയിരുന്നു. ഒക്ടോബർ 16ന് ജില്ല ജോ. രജിസ്ട്രാറുടെ അധ്യക്ഷതയിൽ ചേർന്ന സഹകരണ സംഘം പ്രസിഡൻറുമാരുടെ യോഗത്തിൽ തീരുമാനിച്ച 24.4 കോടിയുടെ നിക്ഷേപ സമാഹരണത്തിലേക്കും കടന്നു.
തുക ഉടൻ തന്നെ ബാങ്കിന് കൈമാറും. 50.75 കോടിയാണ് രണ്ടാംഘട്ട പാക്കേജായി സർക്കാർ കരുവന്നൂരിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടാംഘട്ടത്തിലേക്ക് സഹകരണ സംഘങ്ങളിൽനിന്ന് 9.4 കോടിയും മൂന്നാംഘട്ടത്തിലേക്ക് 15 കോടിയും നിക്ഷേപമായി സ്വീകരിക്കും.
കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ജില്ലയിലെ വിവിധ സംഘങ്ങൾ കരുവന്നൂർ സഹകരണ ബാങ്കിൽ 10.6 കോടി രൂപ സ്ഥിരനിക്ഷേപം നടത്തിയതിൽ ഒരുവർഷം പൂർത്തിയായപ്പോൾ ഇവർക്ക് 84 ലക്ഷം പലിശ നൽകിയതായി ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വ്യക്തമാക്കി.
സി.പി.എം നേതാക്കളെ പ്രതിക്കൂട്ടിലാക്കി ഇ.ഡി; ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാർ സി.പി.എം ഭരിക്കുന്ന മറ്റു ബാങ്കുകളുമായി ബന്ധപ്പെട്ടും കള്ളപ്പണ ഇടപാടുകൾ നടത്തിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). തിരിച്ചടവ് മുടങ്ങിയവരുടെയും ഭൂമിയോ ജംഗമവസ്തുക്കളോ ജപ്തിയായിരിക്കുന്നവരുടെയും പട്ടിക ശേഖരിക്കാനും പണംനൽകി ലോൺ ക്ലോസ് ചെയ്യാനും സതീഷിന് ഏജന്‍റുമാർ ഉണ്ടായിരുന്നു. ഇതേ വസ്തു സഹകരണ ബാങ്കുകളിൽ വീണ്ടും ഈടുവെച്ച് വിപണി വിലയെക്കാൾ മൂന്നിരട്ടിവരെ വായ്പ തരപ്പെടുത്തിയതടക്കം ഇടപാടുകൾ സതീഷ് നടത്തിയത് പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കരുവന്നൂർ കേസിലെ മൂന്നാംപ്രതി സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും തമ്മിലെ ഫോൺ സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പരാമർശിക്കുന്നുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. ഇതിൽ അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. ഫോൺ സംഭാഷണങ്ങളിൽ കമീഷന്‍ ഇടപാട് സംബന്ധിച്ച് പരാമർശിക്കുന്നതായും ഇ.ഡി പറയുന്നു.
അരവിന്ദാക്ഷന്‍റെയും കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ. ജിൽസിന്‍റെ ജാമ്യാപേക്ഷ തള്ളണമെന്ന ആവശ്യത്തിൽ കോടതി വാദം കേൾക്കവെയായിരുന്നു ഇ.ഡിയുടെ വെളിപ്പെടുത്തൽ. അതിനിടെ സഹകരണ വകുപ്പ് തൃശൂർ മുൻ ജോ. രജിസ്ട്രാർ ശബരീദാസിനെയും ജോ. രജിസ്ട്രാർ ജൂബി ടി.കുര്യാക്കോസിനെയും ഇ.ഡി ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.