മത്സ്യത്തൊഴിലാളികള്‍ക്ക് പതിനായിരത്തോളം വീടുകള്‍ നിർമിച്ചുനല്‍കി -സജി ചെറിയാന്
text_fieldsകുമ്പള: ആറര വര്‍ഷം കൊണ്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് പതിനായിരത്തോളം വീടുകള്‍ അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് നിർമിച്ചു നല്‍കിയതായി മന്ത്രി സജി ചെറിയാന്.
കുമ്പളയില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയായ പുനര്‍ഗേഹം പദ്ധതി പാര്‍പ്പിട സമുച്ചയത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ ഇതിനോടകം പത്തു കോടിക്ക് മുകളില്‍ തീരദേശമേഖലയില്‍ റോഡുകള്‍ക്ക് വേണ്ടി ചെലവഴിച്ചെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും മുന്നിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കേരളതീരത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരും രൂക്ഷമായ കടലാക്രമണം നേരിടുന്നവരുമായ 18,000 ത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം.എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്മാന് അഷ്റഫ് കര്‍ള, ജില്ല പഞ്ചായത്ത് മെംബര്‍ ജമീല സിദ്ദീഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസര്‍ മൊഗ്രാല്‍, കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയര്പേഴ്സൻ എം. സബൂറ, കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സമിതി ചെയര്മാന് ബി.എ. റഹ്മാന് ആരിക്കാടി, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സുലോചന തുടങ്ങിയവര്‍ സംസാരിച്ചു.
പുനർ ഗേഹം സ്റ്റേറ്റ് കോഓഡിനേറ്റര്‍ സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് സ്വാഗതവും ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ ജോമോന് കെ. ജോര്‍ജ് നന്ദിയും പറഞ്ഞു.
കോയിപ്പാടിയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയായി
പാർപ്പിട സമുച്ചയത്തിന് മന്ത്രി തറക്കല്ലിട്ടു
കാസർകോട്: അടിക്കടിയുണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പെട്ട് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്ന് മത്സ്യതൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാനും മാറ്റിപാര്‍പ്പിക്കാനും കേരള സര്‍ക്കാര്‍ രൂപവത്കരിച്ച പദ്ധതിയാണ് പുനര്‍ഗേഹം പദ്ധതി. സംസ്ഥാന പദ്ധതിയില്‍ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടി ഫ്ലാറ്റുകള്‍ നിർമിക്കും. വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനര്‍ഗേഹം പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കോഴിപ്പാടി വില്ലേജില്‍ നാരായ മംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാറും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് 22.05 കോടി ചെലവില്‍ ഫ്ലാറ്റ് സമുച്ഛയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്ലാറ്റിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അംഗന്‍വാടി സൗകര്യവും ഒരുക്കുന്നുണ്ട്. കൂടാതെ മനോഹരമായ പൂന്തോട്ടം കളിസ്ഥലം വായനശാല മറ്റു സൗകര്യങ്ങളും ഒരുക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജില്ലയില്‍ ഫിഷറീസ് ഡിപ്പാർട്മെൻറിനു കീഴില്‍ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയില്‍ ഉള്‍പ്പെടുന്നത്. അതില്‍ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കുവാന്‍ തയാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള വീടുകളില്‍ താമസം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.