അപകടത്തിൽ മരിച്ച അഞ്ചുപേർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsകാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേർക്ക് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അകാലത്തിൽ പൊലിഞ്ഞവരെ ഒരു നോക്കു കാണാൻ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഒഴുകിയത് ആയിരങ്ങൾ. നാല് സഹോദരിമാരുടെയും നാട്ടുകാരനായ ഓട്ടോ ഡ്രൈവറുടെയും ഒരുമിച്ചുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
കാണാനെത്തിയ ഓരോരുത്തരും അശ്രുപൊഴിച്ച് യാത്രാമൊഴി നൽകി. അഞ്ചുപേരുടെ ഒരുമിച്ചുള്ള യാത്രയിൽ ജനസഹസ്രം കണ്ണീരിനാൽ നിശ്ചലമായി. ആശുപത്രിയിലെത്തിയ ബന്ധുക്കളുടെ നിലവിളികളാൽ ആശുപത്രി പരിസരം മുഖരിതമായി. രാത്രികാല പോസ്റ്റ്മോർട്ടം ജനറൽ ആശുപത്രിയിൽ യാഥാർഥ്യമായതിനാൽ ആശുപത്രി അധികൃതർ ഒട്ടുംനേരം കളഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുലർച്ച മൂന്നുവരെ നീണ്ടു.
ജനറല്‍ ആശുപത്രി ജീവനക്കാരും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും കൈകോർത്ത് നടപടികൾ പൂര്‍ത്തിയാക്കി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്നിന്റെയും എ.കെ.എം അഷ്റഫ് എന്നിവരും ജനറല്‍ ആശുപത്രി സുപ്രസമയവും ആശുപത്രിയിലുണ്ടായിരുന്നു.
ഫോറന്‍സിക് സര്ജന് ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. ജീവനക്കാരായ രവീന്ദ്രന്, ക്രിസ്റ്റഫര്‍, വിപിന്‍, വിജയദാസ്, ചാരിറ്റി വളന്റിയര്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ മറ്റ് സഹായങ്ങൾ ചെയ്തുകൊടുക്കാൻ കാത്തുനിന്നു. ഡിവൈ.എസ്.പി പി.കെ. സുധാകരന്, സി.ഐ പി. അജിത് കുമാര്‍ തുടങ്ങിയവർ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്കി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്, ജില്ല കലക്ടര്‍ ഇമ്പശേഖര്‍, നഗരസഭ ചെയര്മാന് വി.എം മുനീര്‍, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ഡി.സി.സി പ്രസിഡന്റ് പി.എ. അഷ്റഫലി, ഐ.എന്‍.എല്‍ ജില്ല ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, മൊഗ്രാൽപുത്തൂന്റ് മുജീബ് കമ്പാർ,തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
മൃതദേഹം പരിപാലനത്തിനു ശേഷം കോട്ടക്കുന്ന് ജുമാമസ്ജിദ്, ബെള്ളൂർ ജുമ മസ്ജിദ്, മൊഗ്രാൽ പുത്തൂർ ജുമാ മസ്ജിദ്, മൊഗർ ജുമാമസ്ജിദ്, തായലങ്ങാടി ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ഖബറടക്കി. ബദിയടുക്ക വില്ലേജിലെ പള്ളത്തടുക്കയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസും ഇടിച്ച് റിക്ഷയിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളും ഡ്രൈവറും അടക്കം അഞ്ചുപേരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ കുട്ലു സ്വദേശി അബ്ദുൽ റൗഫ്, മൊഗ്രാൽ സ്വദേശികളായ ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗർ, ഉമ്മുഹലീമ എന്നിവരാണ് മരിച്ച യാത്രക്കാർ. പെർള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും, കുട്ടികളെ ഇറക്കി ബദിയടുക്ക ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂൾ ബസുമാണ് കൂട്ടിയിടിച്ചത്.
24 മണിക്കൂർ പോസ്റ്റ്മോർട്ടം യാഥാർഥ്യമായത് നേട്ടം
കാസർകോട്: ജനറൽ ആശുപത്രിയിൽ 24 മണിക്കൂർ പോസ്റ്റ് മോർട്ടം യാഥാർഥ്യമായതാണ് അഞ്ചുപേരുടെ സംസ്കാര ചടങ്ങ് വേഗത്തിലാകാൻ കാരണം. മെഡിക്കൽ കോളജുകളിൽ മാത്രമുള്ള സൗകര്യം ആശുപത്രികളിൽ കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രമാണുള്ളത്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പലതവണ നിയമസഭയിൽ ഉന്നയിച്ച പ്രശ്നം സർക്കാർ ഉത്തരവിലൂടെ യാഥാർഥ്യമായെങ്കിലും ഉദ്യോഗസ്ഥരിൽ ചിലർ അതിനെതിരെ കോടതിയിൽപോയി സ്റ്റേ ചെയ്യിച്ചു.
ഇതിനെതിരെ നെല്ലിക്കുന്ന് മേൽകക്കോടതിയിൽനിന്ന് വിധി വാങ്ങിയാണ് ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ഏർപെടുത്തിയത്. പിന്നാക്ക ജില്ലയായ കാസർകോട്ടുകാർക്ക് മൃതദേഹം വിട്ടുകിട്ടണമെങ്കിൽ ഏറെ കടമ്പകളുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജാണ് ഏക ആശ്രയമായി ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.