വന്യജീവി ശല്യം കിടപ്പാടം തരാം, ജീവൻ തരൂ
text_fieldsകാഞ്ഞങ്ങാട്: വന്യജീവി ഭീഷണി നേരിടുന്ന മലയോര മേഖലയിലെ 200 കുടുംബങ്ങൾ കൂടി കിടപ്പാടം സർക്കാറിന് സമർപ്പിക്കാൻ സന്നദ്ധരായി. പനത്തടി, ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽനിന്ന് മാത്രമായാണ് ഇത്രയും പേർ പുതുതായി ഭൂമി വിട്ടൊഴിയാൻ താൽപര്യം പ്രകടിപ്പിച്ച് വനംവകുപ്പിനെ സമീപിച്ചത്. വനമേഖലയോട് ചേർന്ന കൃഷിഭൂമിയാണ് ഇവർ സർക്കാറിനെ ഏൽപിക്കുന്നത്. മണ്ണിനെ പൊന്നാക്കി കൃഷി ചെയ്തു കഴിഞ്ഞപ്പോൾ വന്യമൃഗങ്ങൾ കൂട്ടത്തോടെ നശിപ്പിക്കുന്നതാണ് ഭൂമി വിട്ടൊഴിയാൻ കർഷകരെ നിർബന്ധിതമാക്കുന്നത്.
സർക്കാറിന്റെ റീബിൽഡ് കേരള ഡെവലപ്മെൻറ് പ്രോഗ്രാം പദ്ധതി പ്രയോജനപ്പെടുത്തിയാണ് കർഷകർ ഭൂമി സർക്കാറിന് കൈമാറുന്നത്. മൂന്ന് പഞ്ചായത്തുകളിലെയും വനത്തിനു ചുറ്റുമായുള്ള ഭൂമിയാണ് കൈമാറാൻ താൽപര്യം പ്രകടിപ്പിച്ചത്. പനത്തടി ഓട്ട മലയിലെ ആറ് കുടുംബങ്ങളുടെ ഭൂമി ഇതിനകം വനപാലകർ ഏറ്റെടുത്തു. ഓട്ടമലയിലെ 19 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പനത്തടിയിൽ ചേർന്ന വനപാലകരുടെ നേതൃത്വത്തിലുള്ള യോഗത്തിൽ 19 പേരുടെ ഭൂമി കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധന പൂർത്തിയാക്കി. പനത്തടി പഞ്ചായത്തിൽ മാത്രം എഴുപതോളം പേരാണ് ഭൂമി വനംവകുപ്പിന് വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ബളാൽ പഞ്ചായത്തിലെ 47 പേരും ഭൂമി വിട്ടൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ആന, കുരങ്ങ്, പന്നി, മയിൽ ഉൾപ്പെടെ മൃഗങ്ങളുടെ ഭീഷണി മൂലം ദുരിതം പേറുന്നവരാണ് മണ്ണിനെ വിട്ടൊഴിയുന്നത്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്ന മുറക്ക് ഇവ വനപ്രദേശമാക്കി മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.