മഴക്ക് ശമനമില്ല; കാസർകോട് ജില്ലയില്‍ ഇന്നും ഓറഞ്ച് ജാഗ്രത
text_fieldsകാസർകോട്: ജില്ലയിൽ ബുധനാഴ്ചയും മഴക്ക് ശമനമുണ്ടായില്ല. ഇടമുറിയാതെപെയ്ത മഴ പലയിടത്തും ഭീഷണിയാകുന്നുണ്ട്. ജില്ലയില്‍ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയും ഓറഞ്ചിലായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ജൂലൈ ഏഴ്, എട്ട് തീയതികളിൽ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃക്കണ്ണാട്, ബേക്കൽ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. രണ്ടു വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
ചിത്താരി, പള്ളിക്കര, തൃക്കണ്ണാട് ഭാഗങ്ങളിൽ മുപ്പതിലേറെ തെങ്ങുകൾ കടപുഴകി വീണു. 20 മീറ്ററോളം കടൽ കരയെടുത്തു. തച്ചങ്ങാട് ഗോപാലന്റെ ഭാര്യ പ്രമീളയുടെ വീട് തെങ്ങ് വീണ് തകർന്നു. പ്രമീളയുടെ വീട്ടിലെ ഒരു കുട്ടിക്ക് ഓട് തലയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. പനയാലിലെ രത്നാകരന്റെ വീട് കാറ്റിൽ തകർന്ന് 40,000 രൂപയുടെ നാശനഷ്ടം ഉണ്ടായി.
നീലേശ്വരം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം മഴയിൽ തകർന്നു. മടിക്കൈ മണക്കടവ് പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി . ഈ ഭാഗത്ത് ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. പനയാലിൽ രണ്ടു വീടും പേരോലിൽ ഒരു വീടും തകർന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ തെങ്ങ് കടപുഴകി റോഡിന് കുറുകെ വീണ് വൈദ്യുതി കമ്പികൾ തകർന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് കള്ളാർ ചുള്ളിത്തട്ട് റോഡിൽ ഗതാഗതം സ്തംഭിച്ചു.
കപ്പള്ളിയിലാണ് മണ്ണിടിഞ്ഞു വീണത്. കല്ലും മണ്ണും റോഡിലേക്ക് പൊട്ടി വീഴുകയായിരുന്നു. കോടോം ഉദയപുരത്ത് കശുമാവ് പൊട്ടിവീണ് പ്രിയ (41)യുടെ കാലിന് സാരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് വീട്ടുപറമ്പിൽ വച്ചായിരുന്നു അപകടം. കാഞ്ഞങ്ങാട് ടൗണിന് സമീപം നിർത്തിയിട്ട കാറിന് മുകളിൽ മരം പൊട്ടിവീണു. കടലാക്രമണം നേരിടുന്ന തൃക്കണ്ണാട് കടപ്പുറത്ത് ജില്ല കലക്ടർ കെ. ഇമ്പശേഖർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിരംവീട് എന്ന ആവശ്യം പരിശോധിച്ച് ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ക്യാമ്പിലേക്ക് മാറാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇവര്‍ക്ക് അടുത്തുള്ള സ്കൂളുകളില്‍ ക്യാമ്പുകള്‍ ഒരുക്കും.
കടല്‍ക്ഷോഭത്തില്‍ പതിനഞ്ചാം വാര്‍ഡിലെ താമസക്കാരായ മുല്ല, ചിന്നമ്മല് എന്നിവരുടെ വീടും, രമണിയുടെ അടുക്കളയുടെ ഷെഡും തകര്‍ന്നു. സ്ഥലത്ത് 18 തെങ്ങുകളും കടപുഴകി വീണു. ഹോസ്ദുർഗ് തഹസില്‍ദാര്‍ എന്‍. മണിരാജ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ലൈജിന്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് മെംബര്‍ ഷൈനിമോള്, വില്ലേജ് ഓഫിസര്‍ എസ്. ശ്രീജ, വില്ലേജ് അസിസ്റ്റന്റ് പ്രകാശന്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപ് എന്നിവരും കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ബുധനാഴ്ച ജില്ലയിൽ പടന്നക്കാട്ടാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത് -121. ഏറ്റവും കുറവ് 90 മില്ലി മീറ്റർ മഴലഭിച്ച മൂളിയാറിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുകയും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും വ്യാഴാഴ്ച ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.