കാസർകോട് ജില്ലയിലെ ആദ്യത്തെ ‘സ്മാർട്ട്’ അംഗൻവാടി ഉദ്ഘാടനം ചെയ്തു
text_fieldsകാസർകോട്: വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യ സ്മാർട്ട് അംഗൻവാടി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബാലനടുക്കത്ത് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അധ്യക്ഷത വഹിച്ചു. 42.9 ലക്ഷം രൂപ ചെലവിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ്, കാസർകോട് വികസന പാക്കേജ്, ബേഡഡുക്ക പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് കെട്ടിടം നിർമിച്ചത്. ശിശു സൗഹൃദ കസേര, പഠനമുറി, വിശ്രമ മുറി, അടുക്കള, സ്റ്റോർറൂം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലം, ടി.വി, ശിശു സൗഹൃദ അന്തരീക്ഷം, പൂന്തോട്ടം തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന മാതൃകയിലാണ് സ്മാർട്ട് അംഗൻവാടി ഒരുക്കിയിട്ടുള്ളത്. 10 സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.
സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ കീക്കാകനം ജാനകിയുടെ വീട്ടിലായിരുന്നു അഞ്ചുവർഷമായി അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ചടങ്ങിൽ ജാനകിയമ്മയെയും കെട്ടിടം നിർമിച്ച കരാറുകാരൻ അനന്തൻ മരുതളത്തെയും ആദരിച്ചു. ഐ.സി.ഡി.എസ് സെൽ ജില്ലതല വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫിസർ സി. സുധ, കാറഡുക്ക അഡീഷനൽ കുറ്റിക്കോൽ ശിശു വികസന പദ്ധതി ഓഫിസർ എം. രജനി, മുൻ പഞ്ചായത്തംഗം നബീസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. മുരളീധരൻ, കുഞ്ഞികൃഷ്ണൻ മാടക്കൽ, ജനാർദനൻ നായർ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വസന്തകുമാരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലത ഗോപി, പഞ്ചായത്തംഗം നൂർജഹാൻ, പഞ്ചായത്ത് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി. വരദരാജ് സ്വാഗതവും പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.എ. ലിലിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.