കാസർകോട് ജില്ലയിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്
text_fieldsകാസർകോട്: ഓൺലൈൻ ട്രേഡിങ്ങിലൂടെയും പാർട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളിൽ വിവിധ സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനിടെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് പരാതിക്കാരുടെ പക്കൽ നിന്നും തട്ടിയെടുത്തത്.
തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. മൂവി പ്ലാറ്റ്ഫോം എന്ന കമ്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയുടെ 1.30ലക്ഷം രൂപ നഷ്ടമായത് വാട്സാപ്പിലൂടെ നിക്ഷേപത്തിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ്.
ഇത്തരത്തിൽ തന്നെ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്സാപിലൂടെയും ടെലിഗ്രാമിലൂടെയും ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് ഈ നഷ്ടം. ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് സ്വദേശിയുടെ 99,999 രൂപയാണ് നഷ്ടമായത്. തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ് ഇൻസ്റ്റാൾ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായത്.
കരുതിയിരിക്കുക; മുന്നറിയിപ്പുമായി പൊലീസ്
•പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിർത്തുക.
•ആര് അയച്ചുതരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും അവർക്ക് ലഭിക്കും. നിങ്ങൾക്ക്വരുന്ന ഒ.ടി.പി അടക്കം എല്ലാം അവർ കൈക്കലാക്കും.
•ഓൺലൈൻ പാർട്ട് ടൈം ജോബുകൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരക്കാർക്ക് പണം നൽകാതിരിക്കുക.
• ഓൺലൈൻ ഗെയ്മുകളാണ് മറ്റൊരു വില്ലന്മാർ. ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോൾ അതിനു പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.