കായംകുളം ആശങ്ക മുനമ്പിൽ
text_fieldsകായംകുളം: നഗരവാസികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന തരത്തിൽ സമ്പർക്ക ലിസ്റ്റിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഞായറാഴ്ച നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 59 പേരാണ് സമ്പർക്ക ലിസ്റ്റിൽ നിന്നും രോഗികളായത്. ഇതിൽ 12 ഒാളം പേർ ചികിത്സയിലൂടെ രോഗ വിമുക്തി നേടിയിരുന്നു.
അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതാണ് രോഗവ്യാപനത്തിെൻറ പ്രധാന കാരണമെന്ന് ആക്ഷേപം ഉയരുകയാണ്. സ്രവപരിശോധനക്ക് വിധേയമായവരെ ശരിയായ നിലയിൽ ക്വാറൻറീൻ ചെയ്യാൻ കഴിയാത്തത് രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു. ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച് കച്ചവടത്തിനിറങ്ങുന്നത് ഗുരുതര സാമൂഹിക പ്രശ്നം സൃഷ്ടിക്കുകയാണ്.
ശനിയാഴ്ച രണ്ടുപേർ കച്ചവട വഴിയിലാണ് രോഗം അറിയുന്നത്. ഇവരുടെ വ്യാപക സമ്പർക്ക ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചയാൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും പ്രതിസന്ധിയായി. ആശുപത്രിയിലെ പ്രസവ വിഭാഗം ഒഴിച്ചുള്ളവ ഇതോടെ അടച്ചു. നേരത്തേ ഒരാൾക്ക് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറൻറീൻ കാലയളവിൽ രോഗം വന്നാൽ ഇടപെടുന്നതിൽ വരുന്ന വീഴ്ചയാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കാരണമാകുന്നത്.
ക്വാറൻറീൻ കാലത്ത് പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാൻ പദ്ധതികളില്ലാത്തതും പ്രശ്നമാണ്. ഇതാണ് പലരും വീട് വിട്ടിറങ്ങാൻ കാരണമാകുന്നത്. സ്രവപരിശോധന ഫലം വൈകുന്നതും പുറത്തിറങ്ങുന്നതിന് കാരണമാണ്. ഇത്തരം വിഷയങ്ങൾ വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ലെങ്കിൽ സമൂഹവ്യാപനം തടയാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.