'അതിനെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം, ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം'
text_fieldsന്യൂഡൽഹി: സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതാണ് വിഴിഞ്ഞം സമരത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ. അതിനെ നമുക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം.
മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം -കെ.സി. വേണുഗോപാൽ പറഞ്ഞു.
കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടത്. ഗവർണർക്കെതിരായ പോരാട്ടം പോലും ബി.ജെ.പി സർക്കാറിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ല സെക്രട്ടറിയും ബി.ജെ.പി ജില്ല പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ബോധ്യപ്പെടും.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു ചെറുവിരൽ പോലുമനക്കാത്ത സംസ്ഥാന സർക്കാർ, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന് സി.പി.എം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയ ജീർണതയാണത്.
കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ അട്ടിമറിച്ചുകൊണ്ട് വർഗീയ-കോർപ്പറേറ്റ് ശക്തികൾക്കൊപ്പം അണിനിരക്കുക എന്നതാണ് സി.പി.എം നയമെങ്കിൽ, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ് നയമെന്ന് 'കൂട്ടുകക്ഷി'കളെ ഓർമിപ്പിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷും പങ്കെടുത്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.