കർഷകർക്ക് അധ്വാനത്തിന്റെ കൂലി കൊടുക്കാനാവില്ലെങ്കിൽ രാജിവെക്കണമെന്ന് കെ.സി വേണുഗോപാൽ
text_fieldsകണ്ണൂര്‍: കർഷകർക്ക് അധ്വാനത്തിന്റെ കൂലി കൊടുക്കാനാവില്ലെങ്കിൽ രാജിവെക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ. കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യ വേദനാജനകമാണ്. കര്‍ഷകര്‍ ചോദിക്കുന്നത് ഔദാര്യമല്ല. അധ്വാനത്തിന്‍റെ കൂലിയാണ്. കൂലി കൊടുക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിൽ സാധാരണക്കാരനു ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു മുഖ്യമന്ത്രി ധവളപത്രം ഇറക്കണം. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി യു.ഡി.എഫ് എംപിമാര്‍ ശക്തമായി വാദിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ ക്ഷണിച്ചാല്‍ പങ്കെടുക്കും.
അതിനു മുൻപ് പ്രതിപക്ഷത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും സംസ്ഥാനം ചെലവു ചുരുക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ മിടുക്കാണ് സാമ്പത്തിക പ്രതിസന്ധി. ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും മുടങ്ങി. ഇതാണോ കമ്യൂണിസ്റ്റ് സര്‍ക്കാരെന്നും വേണുഗോപാൽ ചോദിച്ചു.
പിണറായി വിജയന്‍ പറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍ക്കും. മോദിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും പണം കിട്ടാന്‍ കോണ്‍ഗ്രസിന്റെ ശുപാര്‍ശ വേണോയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.