ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ സംരക്ഷിക്കുന്നു -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം : സാമൂഹ്യ സുരക്ഷ വകുപ്പിൻെറ ചുമതലയുള്ള മന്ത്രിയുടെ മണ്ഡലത്തിൽ പെടുന്ന പാലത്തായിയിൽ പത്തു വയസു കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ അറസ്റ്റ് ചെയ്യാതെ ഇടതു സർക്കാരും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മാർച്ച് 17 ന് തന്നെ ചൈൽഡ് ലൈ നും പോലീസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടി പീഡനത്തിനിരയായി എന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നിട്ടും ഇന്നു വരെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തു കൊണ്ടാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അതേ സമയം പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് 10 വയസ്സുള്ള കുട്ടിയെ വീണ്ടും ചോദ്യം ചെയ്ത് സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനം ഒന്നാകെ ചർച്ച ചെയ്യുന്ന ഈ പ്രശ്നത്തിൽ ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് താൻ കരുതിയെതെന്ന പ്രസ്താവന നടത്തിയതിലൂടെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ എത്ര നിസാരമായിട്ടാണ് ഈ ഗുരുതര പ്രശ്നത്തെ സമീപിച്ചതെന്ന് വ്യക്തമാകുകയാണ്. സ്വന്തം നിയോജക മണ്ഡലത്തിലെ ഒരു കുട്ടിക്ക് സംഭവിച്ച ഈ ദുരന്തത്തെ തികഞ്ഞ അലംഭാവത്തോടെ സമീപിച്ച മന്ത്രി വലിയ വീഴ്ചയാണ് വരുത്തിയത്.
സംഘ്പരിവാർ നേതാക്കൾ പ്രതികളായ എല്ലാ കേസുകളിലും സർക്കാർ തുടർന്നു വരുന്ന അതേ സമീപനമാണ് പാലത്തായി കേസിലും തുടരുന്നത്. കേരള പോലീസിന്റെ നിയന്ത്രണം സംഘ് പരിവാറിനാണെന്ന് അനവധി സന്ദർഭങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. ലോക്ഡൌണിലെ സാമൂഹ്യ നിയന്ത്രണങ്ങളെ മറയാക്കി പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷപ്പെടാൻ അനുവദിച്ച കേരള സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.