ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനത്തിെൻറ അടിസ്ഥാനത്തിൽ ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ജലനിരപ്പ് നിയന്ത്രിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. കോശിയുടെ വിശദീകരണ പത്രികയിൽ പറയുന്നു. സംസ്ഥാനത്ത് ഇത്തവണ കാലവർഷം സാധാരണ ഗതിയിലോ അൽപം കൂടുതലോ ആകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനം. ഡാമുകളിൽ ജലനിരപ്പ് ഉയർന്നെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിനെ തുടർന്ന് കോടതി സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് വിശദീകരണം.
ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കിൽ പ്രളയം ഉണ്ടാകുമെന്ന ആശങ്കക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് വിശദീകരണത്തിൽ പറയുന്നു. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തത് 2018 -19 ലെ പ്രളയത്തിന് കാരണമാണെന്ന നിഗമനം സെൻട്രൽ വാട്ടർ കമീഷെൻറ റിപ്പോർട്ടിന് വിരുദ്ധമാണ്. ഇതാണ് ഒരു കാരണമെന്ന ജഡ്ജിയുടെ കത്തിലെ പരാമർശം ശരിയല്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡാം അധികൃതരും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിന് കാരണം മൂന്നു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയാണ്. കേരളത്തിൽ പ്രളയത്തെ നിയന്ത്രിക്കാൻ മാത്രമായി ഡാമുകളില്ല. കാർഷികാവശ്യങ്ങൾക്ക് ഉൾപ്പെടെ വിനിയോഗിക്കേണ്ടതിനാൽ പരമാവധി ജലം സംഭരിക്കേണ്ടിവരും.
ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 62.7 ശതമാനം വെള്ളമുണ്ട്. മറ്റു ഡാമുകളിൽ സംഭരണശേഷിയുടെ 37.3 ശതമാനം മാത്രമാണുള്ളത്. മേയ് 14 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് നടപടി വിലയിരുത്തിയതായും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.