പ്രീതികുറവ്: ഗവർണറുടെ നീക്കത്തിൽ ആശങ്ക
text_fieldsതിരുവനന്തപുരം: നാലു മന്ത്രിമാരോടും ഇടതുപക്ഷ നേതൃത്വത്തോടും 'പ്ലഷർ' ഇല്ലാതെ ഗവർണർ; ധനമന്ത്രിയെ പിൻവലിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ രാജ്ഭവന്റെ തുടർനീക്കം ഉറ്റുനോക്കി രാഷ്ട്രീയകേരളം.
ഗവർണർ-സർക്കാർ പോര് പരിഹരിക്കാനാകാതെ നീങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലായതിനാൽ വ്യാഴാഴ്ച കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല.
ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പിൻവലിക്കണമെന്ന ആവശ്യം മന്ത്രിമാരെയും എൽ.ഡി.എഫ് നേതൃത്വത്തെയും അങ്കലാപ്പിലാക്കിയെന്നതാണു യാഥാർഥ്യം. ഗവർണറെ തൽക്കാലത്തേക്ക് കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലാണു നേതൃത്വം. ഈ വിഷയം ഉയർത്തി ആരെങ്കിലും കോടതിയെ സമീപിച്ചാൽ വലിയ നിയമ-ഭരണ പ്രശ്നമായി മാറാനുള്ള സാധ്യതയെയും സർക്കാർ ഭയക്കുന്നുണ്ട്. രാജ്ഭവനിൽനിന്ന് ഇനിയും ഇത്തരം നീക്കങ്ങളുണ്ടായേക്കാം. അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടെന്ന നിലപാടിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. മന്ത്രിമാർ കടുത്ത പ്രതികരണത്തിനു മുതിരാതെ ഒഴിഞ്ഞുമാറുന്നതും ഇതുകൊണ്ടുതന്നെ.
മുഖ്യമന്ത്രിക്ക് നൽകിയ കത്തിനൊപ്പം മന്ത്രിമാരുടെ പരസ്യപ്രസ്താവന സംബന്ധിച്ച വാർത്തകളും ഗവർണർ ഉൾപ്പെടുത്തിയിരുന്നു. നാലു മന്ത്രിമാരോട് അത്ര പ്രീതിയില്ലെന്നാണ് ഇതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, നിയമമന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പരസ്യപ്രതികരണത്തിൽ ഗവർണർ കടുത്ത അതൃപ്തനാണ്. ബാലഗോപാലിന്റെ പ്രസംഗം തന്നെയും തന്റെ നാടായ ഉത്തർപ്രദേശിനെയും അപഹസിക്കുന്നതാണെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ മാറ്റാൻ ആവശ്യപ്പെട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്ക് പുറമെ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ പരാമർശത്തിലും കടുത്ത നീരസമാണ് ഗവർണർക്കുള്ളത്.
മന്ത്രിക്കെതിരെ നടപടി ആവശ്യം തള്ളി മുഖ്യമന്ത്രി കത്ത് നൽകിയെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഗവർണർ വീണ്ടും കത്ത് നൽകിയേക്കും. ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്. തന്റെ അനിഷ്ടം തള്ളിയ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പരസ്യനിലപാട് സ്വീകരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.