'ദ കേരള സ്റ്റോറി' പ്രദർശനം തടയണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന ആവശ്യം അനുവദിക്കാതെ ഹൈകോടതി. വെള്ളിയാഴ്ചത്തെ റിലീസിങ് തടയണമെന്നതടക്കം ഇടക്കാല ആവശ്യം അനുവദിക്കാതിരുന്ന ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
സിനിമയുടെ ടീസർ തങ്ങളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽനിന്ന് നീക്കുമെന്നും യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സാങ്കൽപിക കഥയാണിതെന്ന് സിനിമയുടെ തുടക്കത്തിൽതന്നെ വ്യക്തമാക്കുന്നുണ്ടെന്നുമുള്ള നിർമാതാക്കളുടെ വിശദീകരണം പരിഗണിച്ചാണ് കോടതി ഇടക്കാല ആവശ്യം തള്ളിയത്. ഈ വിശദീകരണം രേഖപ്പെടുത്തുകയും ചെയ്തു.
ചിത്രത്തിന്‍റെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വി.ആർ. അനൂപ്, ജി.ഐ.ഒ സംസ്ഥാന പ്രസഡന്‍റ് തമന്ന സുൽത്താന, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി, മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗം സി. ശ്യാംസുന്ദർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി എന്നിവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സിനിമയുടെ ടീസർ കോടതിമുറിയിൽവെച്ച് കണ്ട ഡിവിഷൻ ബെഞ്ച്, ഏതെങ്കിലും സമുദായത്തെ ഇതിൽ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് പ്രദർശനം തടയണമെന്ന ആവശ്യം നിരാകരിച്ചത്. മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. മതേതരത്വം എന്ന ഭരണഘടനാ മൂല്യത്തിനുതന്നെ എതിരായ സിനിമയുടെ പ്രദർശനം വിലക്കണമെന്ന് ജി.ഐ.ഒ, വെൽഫെയർ പാർട്ടി എന്നീ ഹരജിക്കാർക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു.
എന്നാൽ, സാങ്കൽപിക കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് ഇതെന്നും വിഗ്രഹത്തിൽ വെളിച്ചപ്പാട് തുപ്പുന്ന സന്ദർഭങ്ങളടക്കം ചിത്രീകരിച്ച സിനിമ മലയാളത്തിലുണ്ടായിട്ടുണ്ടെന്നും അതിന് അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ‘നിർമാല്യം’ എന്ന ചിത്രം പരാമർശിച്ച് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, നിർമാല്യം സിനിമയിൽ ഏതെങ്കിലും സമുദായത്തിനെതിരായ വ്യാജ പ്രചാരണം ഉണ്ടായിരുന്നില്ലെന്ന് ദുഷ്യന്ത് ദവെ വ്യക്തമാക്കി. എന്തായാലും മതേതരസ്വഭാവമുള്ള കേരളസമൂഹം ചിത്രം കണ്ട് വിലയിരുത്തട്ടെയെന്നും ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും കോടതി പറഞ്ഞു. ചരിത്രസിനിമയല്ലിത്. നവംബറിൽ ടീസർ ഇറങ്ങിയിട്ടും ഇപ്പോഴാണ് ഹരജിക്കാർ ആരോപണം ഉയർത്തുന്നതെന്നും കോടതി പറഞ്ഞു.
ലവ് ജിഹാദോ നിർബന്ധിത മതപരിവർത്തനമോ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് എൻ.ഐ.എ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണെന്ന് ഹൈകോടതി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും യഥാർഥ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തെറ്റായ കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷായും വാദിച്ചു. സിനിമയുടെ ലക്ഷ്യംതന്നെ വിദ്വേഷ പ്രചാരണമാണെന്ന് അഡ്വ. കാളീശ്വരം രാജ് കോടതിയെ അറിയിച്ചു.
ഒട്ടേറെ മാറ്റങ്ങളോടെയാണ് പ്രദർശനത്തിന് അനുമതി നൽകിയതെന്നും അനുമതി നൽകിയ തീരുമാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു മുഖേന സെൻസർ ബോർഡ് നൽകിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു. എതിർ കക്ഷികളുടെയെല്ലാം വിശദീകരണം തേടിയാണ് ഹരജി മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.